KOYILANDY DIARY

The Perfect News Portal

രണ്ടാം ഭര്‍ത്താവ് യുവതിയെ ഡീസലൊഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു

കല്ലമ്പലം: രണ്ടാം ഭര്‍ത്താവ് യുവതിയെ ഡീസലൊഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. അന്‍പതു ശതമാനം പൊള്ളലേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലമ്പലം സീമന്തപുരത്ത് വാടകയ്ക്ക് താമസിക്കുന്ന അമ്പിളിയെയാണ് (33) ഭര്‍ത്താവ് അജി തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇന്ന് രാവിലെ 6 മണിക്ക് കല്ലമ്പലം ചിറ്റാഴിക്കോട് ബീനാ ഭവന്‍ എന്ന വീട്ടിലാണ് സംഭവം നടന്നത്.

 ഇത് അമ്പിളിയുടെ സുഹൃത്തിന്റെ വീടാണ്. അമ്പിളിയും ഭര്‍ത്താവും ഏറെനാളായി സീമന്തപുരത്ത് വാടകയ്ക്ക് താമസിക്കുകയാണ്. അമ്പിളിയെയും ആദ്യ വിവാഹത്തിലെ മക്കളെയും മര്‍ദ്ദിക്കുന്നത് അജിയുടെ പതിവായിരുന്നു. ഇതിനെ തുടര്‍ന്ന് അമ്പിളി കല്ലമ്പലം സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. വീണ്ടും ഭര്‍ത്താവുമായി വഴക്കിട്ട അമ്പിളി ആദ്യ വിവാഹത്തിലെ മക്കളായ സോനയ്ക്കും സോനുവിനുമൊപ്പം കൂട്ടുകാരിയുടെ വീടായ ബീനാ ഭവനിലെത്തിയത് രണ്ടു ദിവസം മുന്‍പാണ്.

ഇന്ന് രാവിലെ ആറു മണിക്ക് ഈ വീട്ടിലെത്തിയ അജി അമ്പിളിയെ വിളിച്ചെങ്കിലും ഒപ്പം ചെല്ലാന്‍ തയാറായില്ല. ഇതില്‍ പ്രകോപിതനായ അജി പുറത്തു പോയി ഡീസലും പേപ്പറും തീപ്പട്ടിയുമായി തിരികെയെത്തി. ഉറക്കമുണര്‍ന്ന് അടുക്കളയില്‍ ഗ്യാസ് കുറ്റിക്ക് സമീപമിരുന്ന അമ്പിളിയുടെ തലയിലേക്ക് ഡീസലൊഴിച്ച്‌ പേപ്പര്‍ കത്തിച്ചിടുകയായിരുന്നു. അമ്പിളി നിലവിളിയോടെ കുതറിയ നേരം ഇയാള്‍ പുറത്തേക്കോടി രക്ഷപ്പെട്ടു.

വീട്ടിലുള്ളവര്‍ ഉടന്‍ തന്നെ തീയണച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കല്ലമ്പലം പൊലീസെത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചില ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന അജി മുന്‍പ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായും കല്ലമ്പലം പൊലീസ് അറിയിച്ചു.

Advertisements

 

Leave a Reply

Your email address will not be published. Required fields are marked *