KOYILANDY DIARY

The Perfect News Portal

ഫലാഹാരി ബാബയെ പീഡനക്കേസില്‍ പൊലീസ് അറസ്റ്റു ചെയ്തു

ജയ്പൂര്‍: ഗുര്‍മീത് റാം റഹിം സിംഗിനു പിന്നാലെ ആള്‍വാറിലെ ആള്‍ ദൈവം കൗശലേന്ദ്ര ഫലാഹാരി ബാബ(70)യെ പീഡനക്കേസില്‍ പൊലീസ് അറസ്റ്റു ചെയ്തു. രക്തസമ്മര്‍ദ്ദം കൂടിയെന്ന കാരണം പറഞ്ഞ് അറസ്റ്റ് ഒഴിവാക്കുന്നതിനായി ബാബ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍, ആശുപത്രിയിലെത്തിയ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബാബയുടെ രക്തസമ്മര്‍ദ്ദവും പ്രമേഹവും സാധാരണ പോലെയാണെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

ഇരുപത്തിയൊന്നുകാരിയാണ് ബാബ പീഡിപ്പിച്ചെന്ന് ആരോപിച്ച്‌ പരാതി നല്‍കിയത്. ആഗസ്റ്റ് ഏഴിന് ബാബയുടെ ദിവ്യധാം ആശ്രമത്തില്‍ വച്ചാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. യുവതിയുടെ മാതാപിതാക്കള്‍ 15 വര്‍ഷത്തിലേറെയായി ബാബയുടെ അനുയായികളാണ്. ഇയാള്‍ ഇവരുടെ വീട്ടില്‍ പലതവണ തങ്ങുകയും ചെയ്തിട്ടുണ്ട്.

നിയമവിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിക്ക് ആദ്യ ജോലിക്ക് ലഭിച്ച പ്രതിഫലം ബാബയ്ക്കു സമര്‍പ്പിക്കുന്നതിനായാണ് സംഭവദിവസം ആശ്രമത്തിലെത്തിയത്. അന്ന് ബാബ അവരോട് ആശ്രമത്തില്‍ തങ്ങാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു വൈകിട്ട് മുറിയിലേക്കു വിളിച്ചു പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. ഗുര്‍മീത് റാം റഹിം സിംഗ് ജയിലിലായതോടെ പരാതിയുമായി പെണ്‍കുട്ടിയും കുടുംബവും പൊലീസിനെ സമീപിക്കുകയായിരുന്നു.

Advertisements

കൗശലേന്ദ്ര പ്രപന്നാചാര്യ ഫലാഹാരി മഹാരാജ് എന്നാണ് ബാബയുടെ പൂര്‍ണപേര്. ഫലങ്ങള്‍ മാത്രം കഴിക്കുന്നതിനാലാണ് ബാബയ്ക്ക് ഫലാഹാരി എന്ന പേര് ലഭിച്ചത്. ഉന്നത രാഷ്ട്രീയക്കാരും സിനിമാക്കാര്‍ അടക്കമുള്ളവരുമായും ബാബയ്ക്ക് അടുത്ത ബന്ധമാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *