KOYILANDY DIARY.COM

The Perfect News Portal

അരുവിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

ഈരാറ്റുപേട്ട: മൂന്നിലവ് പഴുക്കാക്കാനം കട്ടിക്കയം അരുവിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. ചേര്‍ത്തല കൊക്കോതമംഗലം സ്വദേശികളായ ഇരുവുകാരിപ്പറ ശ്യാം അശോക് (24), തോമ്പോഴയില്‍ റോജിന്‍ ജോബി (22) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാവിലെ ഒമ്പതിനാണ് അപകടമുണ്ടായത്. ശ്യാമും റോജിനും സുഹൃത്ത് വിന്‍സെന്റിനോടൊപ്പം ഇല്ലിക്കല്‍കല്ല് കണ്ട് മടങ്ങവേയാണ് അപകടം. ഇന്നലെ പുലര്‍ച്ചെ നാലിനാണ് ഇവര്‍ വീട്ടില്‍ നിന്നും യാത്ര തിരിച്ചത്. രണ്ട് ബൈക്കുകളിലായിരുന്നു യാത്ര. ഇല്ലിക്കല്‍ കല്ല് കണ്ട മടങ്ങവേ അരുവിയില്‍ കുളിക്കാനായി ഇറങ്ങുകയായിരുന്നു. ആദ്യം വെള്ളത്തിലേയ്ക്ക് ഇറങ്ങിയ ശ്യാം അരുവിയിലെ കയത്തില്‍ മുങ്ങി. ശ്യാമിനെ രക്ഷിക്കാനുള്ള ശ്രമിത്തിനിടെ റോജിനും കയത്തില്‍ മുങ്ങിപ്പോകുകയായിരുന്നു.

മൂന്നിലവ് പഞ്ചായത്തിലെ വളരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതും അപകടം നിറഞ്ഞതുമായ പഴുക്കാകാനം അരുവിയിലെ കട്ടിക്കയത്ത് ആരും ഇറങ്ങാറില്ല. പൊതുവെ ജനവാസം കുറഞ്ഞ പ്രദേശമായതിനാല്‍ മുന്നറിയിപ്പ് നല്‍കാന്‍ ആരും ഉണ്ടായിരുന്നില്ല.

ഇവിടെ പള്ളിക്കത്തോട്ടു സ്വദേശി പ്ലസ്ടു വിദ്യാര്‍ഥി ആറു മാസം മുമ്പ്‌ മുങ്ങി മരിച്ചിരുന്നു. പ്രഭാതത്തില്‍ രണ്ടു ബൈക്കുകളിലായി യുവാക്കള്‍ അരുവിയിലേക്ക് പോയത് പരിസരവാസികള്‍ കണ്ടിരുന്നു.

കൂട്ടുകാര്‍ രണ്ടു പേര്‍ വെള്ളത്തില്‍ കാണാതായ വിവരം മൂന്നാമന്‍ കയറിവന്ന് പരിസരവാസികളെ അറിയിക്കുകയായിരുന്നു. ഉടനെ സമീപവാസികള്‍ എല്ലാവരും തിരയാനിറങ്ങി. നാട്ടുകാരാണ് മൃതദേഹങ്ങള്‍ മുങ്ങിയെടുത്തത്. ഉടനെ മേലുകാവ് പോലിസും സ്ഥലത്തെത്തി മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വാകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ബന്ധുക്കള്‍ എത്തി പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!