കൊയിലാണ്ടി നഗരസഭ ഇ.എം.എസ് മെമ്മോറിയല്‍ ടൗണ്‍ഹാള്‍ സ്വാഗതസംഘമായി
കൊയിലാണ്ടി : വടക്കെ മലബാറിലെ ഏറ്റവും വലിയ ടൗണ്‍ഹാളായ കൊയിലാണ്ടി നഗരസഭ ഇ. എം. എസ്. മെമ്മോറിയല്‍ ടൗണ്‍ഹാള്‍ കം കല്ല്യാണ മണ്ഡപം ഉദ്ഘാടന സ്വാഗതസംഘം രൂപീകരിച്ചു. പരിപാടിയുടെ വിജയത്തിനായി വെള്ളിയാഴ്ച വൈകീട്ട് നഗരസഭ ഹാളിലായിരുന്നു സംഘാടകസമിതി യോഗം ചേര്‍ന്നത്. രാഷ്ട്രീയ സാമൂഹിക സാംസ്കാരികരംഗത്തെ നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്വാഗതസംഘം ചെയര്‍പേഴ്സണായി കെ. ശാന്തയെയും, കണ്‍വീനറായി മുന്‍സിപ്പല്‍ സെക്രട്ടറി ഷെറില്‍ ഐറിന് സോളമനെയും, നഗസഭ വൈസ്ചെയര്‍മാന്‍ ടി. കെ. ചന്ദ്രന് മാസ്റ്റര്‍ ട്രഷററായി 101 ആംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഒക്ടോബര്‍ രണ്ടിന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിശിഷ്ട സാന്നിധ്യത്തില്‍ നഗരകാര്യ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലിയാണ് ടൗണ്‍ഹാള്‍ ഉദ്ഘാടനം ചെയ്യുന്നത്. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റിന്റെ മുന്‍വശത്തായി കഴിഞ്ഞ ഭരണസമിതി യുടെ കാലത്ത് വിലകൊടുത്തു വാങ്ങിയ 57 സെന്റ് സ്ഥലത്ത് എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടുംകൂടിയാണ് ടൗണ്‍ഹാളിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. താഴെ മുന്‍വശത്തുള്ള പീടിക മുറികള്‍ക്ക് പിന്നിലായി പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. 650 പേര്‍ക്കിരിക്കാവുന്ന ശീതീകരണസംവിധാനത്തോട്കൂടിയ വലിയ കോണ്‍ഫറന്‍സ്ഹാളും 200 പേര്‍ക്കിരിക്കാവുന്ന മറ്റൊരു കോണ്‍ഫറന്‍സ് ഹാളും നിര്‍മ്മിച്ചിട്ടുണ്ട്. എക്കോ സംവിധാനം പരാതികള്‍ക്കിടയില്ലാത്തവിധം എന്‍. ഐ. ടി. യിലെ ആര്‍ക്കിടെക്ററ് വിഭാഗം വിദഗ്ദ പരിശോധന നടത്തിയതിന്ശേഷമാണ് സജ്ജീകരിച്ചിട്ടുള്ളത്. ഹാളിനുള്ളിലെ ഇന്റീരിയര്‍ ഡിസെന്, ഇരിപ്പിടങ്ങള്‍ ഫര്‍ണ്ണിച്ചര്‍ സൗകര്യങ്ങള്‍ എന്നിവ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന രീതിയിലാണ് തയ്യാറാക്കിയത്. ആയിരംപേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള മെച്ചപ്പെട്ട സൗകര്യവും, മാലിന്യ നിക്ഷേപത്തിന് നൂതന സംവിധാനവും ഉണ്ടാക്കിയിട്ടുണ്ട്. ചുറ്റുമതില്‍ നിര്‍മ്മാണവും ഇന്റര്‍ലോക്ക് ഉള്‍പ്പെടെ ചെറിയവര്ക്കുകള് ഇനിയും തീരാനുണ്ട്. അത്കൂടി കഴിയുന്നതോടെ ഏതാണ്ട് എട്ടേകാല്‍ കോടി രൂപയുടെ വര്‍ക്ക് പൂര്‍ത്തിയാകും. ടൗണ്‍ഹാള്‍ കെട്ടിടം ഇ. എം. എസ്.ന്റെ പേരിലും ഓഡിറ്റോറിയം എ. പി. ജെ. അബ്ദുള്കലാംമിന്റെ പേരിലുമായിരിക്കും അറിയപ്പെടുക.
