KOYILANDY DIARY

The Perfect News Portal

സ‍ഞ്ചാരികളുടെ കാത്തിരിപ്പിനു വിരാമം; പുനലൂർ തൂക്കുപാലം 10ന് തുറക്കും

കൊല്ലം: സ‍ഞ്ചാരികളുടെ കാത്തിരിപ്പിനു വിരാമം. ജില്ലയുടെ കിഴക്കൻ മേഖലയിലെ ആകർഷണീയമായ പുനലൂർ തൂക്കുപാലം 10ന് തുറക്കും. നവീകരണം പൂർത്തിയാക്കിയ പാലം പുരാവസ്‌തുവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശകർക്ക് തുറന്നു നൽകും. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി പുരാവസ്‌തു വകുപ്പിന്റെ സംരക്ഷിത സ്‌മാരകമായ പാലം നവീകരണം നവംബറിലാണ് ആരംഭിച്ചത്.
പാലത്തിലെ ലോഹഭാഗങ്ങളുടെ സംരക്ഷണം, പെയിന്റിങ്, കൽകമാനങ്ങളുടെ അറ്റകുറ്റപ്പണി, കൽക്കെട്ടുകളുടെ പുനർനിർമാണം, ദ്രവിച്ച കമ്പകത്തടികൾ മാറ്റിയിടൽ തുടങ്ങിയ പ്രവൃത്തികളാണ് നടത്തിയത്. പുരാവസ്‌തുവകുപ്പ് 26.88 ലക്ഷം രൂപ ചെലവിട്ടാണ് അറ്റകുറ്റപ്പണി നടത്തിയത്. ഉരുക്കു ഗർഡറുകളിലെ തുരുമ്പ് നീക്കി ചായംപൂശി. പാലത്തിന്റെ അടിയിലും പുറത്തുമുള്ള ഗർഡറുകളിലെ തുരുമ്പുനീക്കി.  പാലത്തിൽ പാകിയിട്ടുള്ള കമ്പകമരപ്പലകകളിൽ കശുവണ്ടിക്കറപൂശി ബലപ്പെടുത്തി. വടക്കുവശത്തെ തകർന്ന പാർശ്വഭിത്തിയും പുനർനിർമിച്ചു. കൽക്കമാനങ്ങളുടെ അടിത്തട്ടും ബലപ്പെടുത്തി. സംരക്ഷണ പ്രവൃത്തി ആരംഭിച്ചതുമുതൽ പാലത്തിൽ സന്ദർശകരെ പ്രവേശിപ്പിക്കുന്നില്ല. സ്‌കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള സന്ദർശകർ പുറത്തുനിന്ന് പാലം കണ്ടുമടങ്ങുകയായിരുന്നു.
Advertisements
നൂറ്റാണ്ട് പിന്നിട്ട ചരിത്രം
ഒരുനൂറ്റാണ്ട്‌ കടന്നുപോയിട്ടും ചരിത്രത്തെ ബന്ധിപ്പിച്ചു നിൽക്കുന്ന പുനലൂർ തൂക്കുപാലം ജില്ലയിലെത്തുന്ന സഞ്ചാരികളുടെ ആകർഷണ കേന്ദ്രങ്ങളിലൊന്നാണ്. കല്ലടയാറിനു കുറുകെ കൊല്ലത്തെയും ചെങ്കോട്ടയെയും തമ്മിൽ റോഡ് മാർഗം ബന്ധിപ്പിക്കുന്നതിന് നിർമിച്ച പാലം ബ്രിട്ടീഷ് അധിനിവേശകാലത്തെയും ബന്ധിപ്പിക്കുന്നു. സ്കോട്ട്‌ലൻഡുകാരനായ ആൽബർട്ട് ഹെൻറിയാണ് രൂപകൽപ്പന ചെയ്‌തത്.  കൊൽക്കത്തയിലെ ഹൗറ കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തേതാണ്. 1872ൽ നിർമാണം തുടങ്ങി 1877ൽ പൂർത്തീകരിച്ചു. 400 അടി നീളമുണ്ട്‌.
നൂറടി ഇടവിട്ട് കരിങ്കൽ ആർച്ചുകളിൽ ഉറപ്പിച്ചിരിക്കുന്നു. പാലം തൂക്കിയിരിക്കുന്ന ഇരുമ്പുചങ്ങലകൾ കരയിൽ കുഴിച്ച നാലു കിണറുകളിലായി കൊരുത്തു ബന്ധിപ്പിച്ചിട്ടുണ്ട്. ചങ്ങലയിൽനിന്ന് ഇരുമ്പു ദണ്ഡുകൾ പ്ലാറ്റ്ഫോമിന്റെ ഇരുവശത്തും പാളങ്ങളിൽ ഘടിപ്പിച്ചിട്ടുണ്ട്. പ്ലാറ്റ്ഫോം മരപ്പലകയിലാണ് നിർമിച്ചിട്ടുള്ളത്. നിർമാണം പൂർത്തീകരിച്ച വർഷവും തിരുവിതാംകൂർ രാജവാഴ്ചയുടെ ചിഹ്നമായ ശംഖും ആർച്ചുകളിൽ ആലേഖനം ചെയ്‌തിരിക്കുന്നു.