KOYILANDY DIARY.COM

The Perfect News Portal

പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് ഐഎംഎ

പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് ഐഎംഎ. കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. കോട്ടയം സ്വദേശിനിയായ ഡോ. വന്ദന ദാസാണ് (22) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ രാവിലെ 8.30 ഓടെ മരണം സംഭവിക്കുകയായിരുന്നു.

പ്രതി സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എംഡിഎംഎ ഉപയോഗിച്ചതിന് സസ്‌പെന്‍ഡ് ചെയ്ത അധ്യാപകനാണ് ഇയാൾ. വീട്ടില്‍ വെച്ച് ആക്രമണങ്ങള്‍ നടത്തിയതിന് സന്ദീപിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് ഇയാളെ വൈദ്യപരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ഇയാള്‍ യാതൊരു പ്രകോപനവുമില്ലാതെ അതിക്രമം അഴിച്ചുവിട്ടതായാണ് വിവരം.

ആശുപത്രിയിലെ കത്രിക കൈക്കലാക്കിയ പ്രതി ആശുപത്രിയില്‍ ഉണ്ടായിരുന്നവരെ കുത്തുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വന്ദനയ്ക്ക് പുറകിലും നെഞ്ചിലും സാരമായി പരുക്കേറ്റിരുന്നു. അതിക്രമം തടയാനെത്തിയ പൊലീസുകാര്‍ക്കും പരുക്കേറ്റിരുന്നു.

സംഭവത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് ഐഎംഎ അറിയിച്ചു. സംസ്ഥാന വ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്യുമെന്നും ജോലിക്കിടെ ജീവന്‍ നഷ്ടമാകുന്നത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്നും ഐഎംഎ പറഞ്ഞു.

 

Share news
error: Content is protected !!