മെഡിക്കൽ കോളജിൽ ഇന്ന് മരണമടഞ്ഞ കൊയിലാണ്ടി സ്വദേശിയുടെ കോവിഡ് ഫലം നെഗറ്റീവ്: മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

കൊയിലാണ്ടി: മെഡിക്കൽ കോളജിൽ ഇന്ന് മരണമടഞ്ഞ കൊയിലാണ്ടി സ്വദേശിയുടെ കോവിഡ് ഫലം നെഗറ്റീവ്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സ്വകാര്യ ആശുപത്രിയിൽ കോവിഡ് പോസിറ്റീവ് ഫലം വന്നതിനെ തുടർന്നാണ് ഇയാളെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. തുടർന്ന് നടത്തിയ ശേഷം നടത്തിയ ടെസ്റ്റിൽ ഫലം നെഗറ്റീവാകുകയായിരുന്നു. മരണമടഞ്ഞ നഗരസഭയിലെ 33-ാം വാർഡിൽ എമ്മച്ചം കണ്ടി, റോസ് ഹൌസിൽ സെയ്ദ് അബ്ദുള്ള ബാഫഖി (65) യുടെ ഫലമാണ് നെഗറ്റീവായത്. നേരത്തെ കോവിഡ് മരണം എന്നായിരുന്നു റിപ്പോർട്ട് ചെയ്തത്. കോവിഡ് പ്രോട്ടോകോൾ പ്രകാരം മൃതദേഹം സംസ്ക്കരിക്കുന്നതിന് വേണ്ടി നഗരസഭ ആരോഗ്യ വിഭാഗം ശ്രമങ്ങൾ ആരംഭിച്ചിരുന്നു.
കഴിഞ്ഞ മാസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കേവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണമടഞ്ഞത്. ഇയാൾക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയുന്നു. മൃതദേഹം ഏറ്റുവാങ്ങാൻ കൊയിലാണ്ടിയിലെ ആരോഗ്യ വിഭാഗം ആംബുലൻസുമായി കേളജിലെത്തിയപ്പോഴാണ് ഫലം നെഗറ്റീവാണെന്നറിയുന്നത്. തുടർന്ന് ബന്ധുക്കൾക്ക് വിട്ട് കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. വീട്ടിലുള്ള മറ്റ് കുടുംബംഗങ്ങൾക്ക് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു എല്ലാവർക്കും ഫലം നെഗറ്റീവാണ്.

