KOYILANDY DIARY.COM

The Perfect News Portal

നിജിനയെയും കുഞ്ഞിനെയും ഭര്‍ത്താവും കുടുംബവും ചേര്‍ന്നു കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായാണ് ബന്ധുക്കള്‍

കോഴിക്കോട് കുന്ദമംഗലത്ത് കിണറില്‍ യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടതിന് പിന്നില്‍ ദുരൂഹതയെന്ന് കുടുംബം. കൊയിലാണ്ടി കീഴരിയൂര്‍ സ്വദേശിനിയായ നിജിനയെയും എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയും ഭര്‍ത്താവും കുടുംബവും ചേര്‍ന്നു കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായാണ് ബന്ധുക്കള്‍ രംഗത്ത് വന്നത്.

സ്ത്രീധനത്തിന്റെ പേരില്‍ നിജിനയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി സഹോദരന്‍ നിജേഷ് പറഞ്ഞു. പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് നിജിനയേയും എട്ടു മാസം പ്രായമുള്ള കുഞ്ഞിനെയും ഭര്‍ത്തൃ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിജിനയും കുഞ്ഞും സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നോ എന്നു ചോദിച്ച്‌ ഭര്‍ത്താവ് ഫോണ്‍ വിളിച്ചതാണ് സഹേദരനെ സംശയത്തിനിടയാക്കിയത്.

സാധാരണ ഒറ്റയ്ക്ക് ഇവര്‍ വീട്ടിലേക്ക് വരാറില്ല. രാത്രി വീട്ടില്‍ വെച്ചു കുറച്ചു പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും അതിനാല്‍ സ്വന്തം വീട്ടിലേക്ക് വന്നോയെന്ന് അറിയാനാണ് വിളിച്ചതെന്നും നിജിനയുടെ ഭര്‍ത്താവ് ചോദിച്ചതായി നിജേഷ് പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനോ സംസ്‌ക്കാര ചടങ്ങിലോ ഭര്‍ത്താവും വീട്ടുകാരും വരാതിരുന്നതും സംശയം വര്‍ധിപ്പിക്കുന്നു.

Advertisements

 

തലേ ദിവസം രാത്രി തന്നെ സംഭവം നടന്നിരിക്കാമെന്നും തെളിവു നശിപ്പിക്കാനായി ഭര്‍തൃവീട്ടുകാര്‍ യാത്രപോയതെന്നുമാണ് ബന്ധുക്കളുടെ സംശയം. വിവാഹത്തിനു ശേഷം സ്ത്രീധനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെന്നും അതിന്റെ പേരില്‍ നിജിന ഭര്‍തൃവീട്ടുകാരുടെ പീഡനത്തിനിരയായിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. 8 മാസം പ്രായമായ കുഞ്ഞിനേയും കൊണ്ട് മകള്‍ സ്വയം ജീവനൊടുക്കില്ലെന്ന് അമ്മ ചന്ദ്രികയും പറഞ്ഞു.

അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് വീട്ടുകാരുടെ പരാതിയിലും അന്വേഷണം ആരംഭിച്ചു.  സംഭവവുമായി ബന്ധപ്പെട്ട് കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഗോപാലന്‍ നായര്‍ ചെയര്‍മാനായി നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *