KOYILANDY DIARY

The Perfect News Portal

സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം ആരംഭിച്ചു

തിരുവനന്തപുരം: സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ തമ്പാനൂര്‍ മോഡല്‍ ഹൈസ്കൂള്‍ ജങ്ഷനിലെ ഹൈസിന്ത് ഹോട്ടലിലാണ് കേന്ദ്രകമ്മിറ്റി യോഗം. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം ദേശീയശ്രദ്ധ പിടിച്ചുപറ്റുകയാണ്. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഗുരുതര പ്രതിസന്ധിയും പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ ക്രമാതീതമായ വില വര്‍ധനയും ഉള്‍പ്പെടെ വിഷയങ്ങള്‍ ചര്‍ച്ചയാകും. ഭക്ഷ്യഭദ്രതയുടെ പേരില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് റേഷനരി നിഷേധിക്കുന്നതു പോലുള്ള പ്രാദേശിക ജനകീയ പ്രശ്നങ്ങളും ഉയര്‍ന്നുവരും.

കേന്ദ്രകമ്മിറ്റി യോഗത്തോടനുബന്ധിച്ച് ശനിയാഴ്ച വൈകിട്ട് പുത്തരിക്കണ്ടം മൈതാനിയില്‍ പതിനായിരങ്ങള്‍ അണിനിരക്കുന്ന പൊതുസമ്മേളനം ചേരും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, ബിമന്‍ ബസു, പിണറായി വിജയന്‍, ബൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിക്കും. കേന്ദ്രക്കമ്മിറ്റിയോഗത്തിന്റെ മുന്നോടിയായുള്ള പൊളിറ്റ് ബ്യൂറോ യോഗം തലസ്ഥാനത്ത് ചേര്‍ന്നു. എ കെ ജി സെന്ററില്‍ വ്യാഴാഴ്ച രാവിലെ ആരംഭിച്ച പൊളിറ്റ്ബ്യൂറോ യോഗത്തില്‍ എസ് രാമചന്ദ്രന്‍പിള്ള അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ബിമന്‍ ബസു, പിണറായി വിജയന്‍, ബി വി രാഘവുലു, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, സൂര്യകാന്തമിശ്ര, എ കെ പത്മനാഭന്‍, ബൃന്ദ കാരാട്ട്, മുഹമ്മദ് സലിം, സുഭാഷിണി അലി, ഹന്നന്‍മൊള്ള, ജി രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *