KOYILANDY DIARY

The Perfect News Portal

പിഞ്ചു കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ കവരുന്നത് പതിവാക്കിയ യുവാവ് അറസ്റ്റിലായി

നാദാപുരം: നാദാപുരം താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച്‌ പിഞ്ചു കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ കവരുന്നത് പതിവാക്കിയ യുവാവ് അറസ്റ്റിലായി. കുറ്റ്യാടി വടയം സ്വദേശി മാരാം വീട്ടില്‍ സുര്‍ജിത്ത് (29)നെയാണ് നാദാപുരം പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ വെച്ച്‌ പിഞ്ചു കുഞ്ഞിന്റെ പാദസരം കൈക്കലാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കുഞ്ഞിന്റെ മാതാവും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു.

നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
താലൂക്ക് ആശുപത്രിയില്‍ നടന്ന മറ്റ് മോഷണക്കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആശുപത്രിയിലെ മോഷണവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായെന്ന വിവരമറിഞ്ഞ് നിരവധി പേരാണ് സ്റ്റേഷനില്‍ എത്തുന്നത്. മൂന്ന് സ്ത്രീകള്‍ ഇതിനകം പരാതി നല്‍കിയിട്ടുണ്ട്.
അതി രാവിലെ തന്നെ ആക്ടീവ സ്കൂട്ടറില്‍ ആശുപത്രിയിലെത്തുന്ന ഇയാള്‍ ഒ.പി. ടിക്കറ്റെടുത്ത് കുട്ടികളെ എടുത്തു നില്‍ക്കുന്ന സ്ത്രീകള്‍ക്ക് അരികില്‍ നില്‍ക്കും.

കൈയിലുള്ള സ്കൂട്ടറിന്റെ താക്കോല്‍ ഉപയോഗിച്ച്‌ പാദസരങ്ങളും മാലകളും പൊട്ടിച്ചെടുക്കുകയാണ് പതിവ്. സ്വര്‍ണ്ണാഭരണങ്ങള്‍ പുറത്തെവിടെയോ കളഞ്ഞു പോയതാണെന്നു കരുതി ആരും പൊലീസില്‍ പരാതിപ്പെടാറുമില്ല. റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങുമെന്ന് നാദാപുരം എസ്.ഐ. എന്‍.പ്രജീഷ് പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *