ശുചീകരണ യജ്ഞത്തില്‍ വിദ്യാര്‍ത്ഥികളെയും പങ്കാളികളാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: പനിയുള്‍പ്പെടെ പകര്‍ച്ചവ്യാധി പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ശുചീകരണ യജ്ഞത്തില്‍ വിദ്യാര്‍ത്ഥികളെയും പങ്കാളികളാക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്കൂളുകളിലെ പ്രധാന അധ്യാപകര്‍ക്ക് കത്തയച്ചു. ജൂണ്‍ 27,28,29 തീയതികളില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന യജ്ഞത്തില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സജ്ജരാക്കണമെന്ന് കത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. സ്കൂളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ പ്രദേശത്തെ ശുചീകരണത്തിലും വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കണം.
സ്കൂളിലെ എന്‍.എസ്.എസ്, എന്‍.സി.സി, സ്കൗട്ട് ആന്റ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവയ്ക്കു പുറമേ എല്ലാ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിക്കണം. മുഴുവന്‍ അധ്യാപകരെയും അണിനിരത്തി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കണം. പ്രദേശത്തെ പരിപാടികളിലും പങ്കെടുപ്പിക്കുന്നതിലൂടെ സമൂഹത്തിന് നല്ലൊരു സന്ദേശം നല്‍കാനാകുമെന്നും കത്തില്‍ പറയുന്നു.

പനി വരാനുള്ള സാധ്യതയെക്കുറിച്ചുള്ള അവബോധം ഓരോരുത്തര്‍ക്കും ആവശ്യമാണ്. വ്യക്തിശുചിത്വത്തിനപ്പുറം വീടും വിദ്യാലയവും ഓഫീസും പരിസരവും പൊതുസ്ഥലവും വൃത്തിയായിരിക്കണം. പകര്‍ച്ചപ്പനികളുടെ തീവ്രത കുറയുമെങ്കിലും പരിസര ശുചീകരണത്തില്‍ ജാഗ്രത പാലിക്കണം. വെള്ളം കെട്ടിനില്‍ക്കാനുള്ള സാദ്ധ്യത പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥനയില്‍ മുഖ്യമന്ത്രി ആവശ്യപ്പെടുന്നു.

