ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം
കൊല്ലം: ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം. കേരള മനഃസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജാണ് ശിക്ഷ വിധിച്ചത്.

പ്രതിയുടെ പ്രായം പരിഗണിച്ചാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കല്‍ തുടങ്ങി പ്രോസിക്യൂഷന് ചുമത്തിയ അഞ്ചില്‍ നാല് കുറ്റങ്ങളും തെളിയിക്കപ്പെട്ടിരുന്നു. ഗൂഢാലോചനയോടെയുള്ള കൊലപാതകം (302), നരഹത്യാശ്രമം (307), കഠിനമായ ദേഹോപദ്രവം (326), വനം-വന്യജീവി ആക്ട് (115) എന്നിവ പ്രകാരമാണ് കേസ്.


പ്രതിയുടെ നടപടി വിചിത്രവും പൈശാചികവും ദാരുണവുമാണെന്നും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന് വാദിച്ചിരുന്നു. സംസ്ഥാനത്ത് പാന്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ആദ്യകേസാണിത്. പാന്പിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഡമ്മി പരീക്ഷണവും അടക്കമുള്ള ശാസ്ത്രീയ തെളിവുകള്‍ കേസില്‍ നിര്‍ണായകമായി. 2020 മേയ് ഏഴിന് രാവിലെ എട്ടോടെയാണ് അഞ്ചല്‍ ഏറം സ്വദേശിനിയായ ഉത്രയെ വീട്ടിലെ കിടപ്പുമുറിയില്‍ മൂര്‍ഖന്‍പാന്പിന്റെ കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.


