KOYILANDY DIARY.COM

The Perfect News Portal

ഇടുക്കി ചെറുതോണി ഡാമിന്റെ അഞ്ചാം ഷട്ടറും തുറന്നു

തൊടുപുഴ: ഇടുക്കി ചെറുതോണി ഡാമിന്റെ അഞ്ചാം ഷട്ടറും തുറന്നു. ഇതോടെ സെക്കന്റില്‍ ആറ് ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറംതള്ളുന്നത്. ഡാമിലെ ജലനിരപ്പ് അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിലാണ് ഒരു ഷട്ടര്‍ കൂടി തുറന്ന് ഒഴുക്കിക്കളയുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചത്.

നിലവില്‍ രണ്ട്, മൂന്ന്, നാല് ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഒന്നാമത്തെ ഷട്ടര്‍ 50 സെന്റീമീറ്ററാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതിലൂടെ സെക്കന്റില്‍ 3,50,000 ലിറ്റര്‍ വെള്ളമാണ് ഒഴുക്കുന്നത്.

നിലവില്‍ ഡാമിലെ ജലനിരപ്പ് 2,401. 60 അടിയാണ്. 2,403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതും നീരൊഴുക്ക് വര്‍ധിക്കുന്നതും കണക്കിലെടുത്താണ് ഒരു ഷട്ടര്‍ കൂടി തുറന്ന് കൂടുതല്‍ വെള്ളം ഒഴുക്കിക്കളയാന്‍ തീരുമാനിച്ചത്.

Advertisements

5 ഷട്ടറുകള്‍ തുറന്നതോടെ ചെറുതോണി പ്രദേശത്തും പെരിയാറിന്റെ ഇരുകരകളിലും 100മീറ്റര്‍ പരിധിയിലുള്ള താമസക്കാര്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുറംതള്ളുന്ന വെള്ളത്തിന്റെ തോത് വര്‍ധിപ്പിച്ചതോടെ ചെറുതോണി ടൗണും സമീപപ്രദേശങ്ങളിലും വെള്ളം കയറി. ചെറുതോണി പാലം കരകവിഞ്ഞൊഴുകുന്ന സ്ഥിതിയിലാണ്. നാല് ഷട്ടറുകള്‍ തുറന്നതോടെ അധികം താമസിയാതെ ചെറുതോണിപ്പുഴ കരകവിയും.

ഇടുക്കിയില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്ന് വിടുന്നതോടെ ഇടമലയാര്‍ ഡാമിന്റെ ഷട്ടര്‍ താഴ്ത്തി വെള്ളത്തിന്റെ അളവ് നിയന്ത്രിക്കാന്‍ തീരുമാനമുണ്ട്. ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഒഴുക്കിക്കളയുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കുമെന്ന് വൈദ്യുതിമന്ത്രി എംഎം മണി പറഞ്ഞു. ജാഗ്രത വേണമെന്നും എന്നാല്‍ ആശങ്കയുടെ യാതൊരു ആവശ്യവും ഇല്ലെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് 12.30 നാണ് ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തിയത്. നാല് മണിക്കൂര്‍ ട്രയല്‍ റണ്‍ എന്ന നിലയിലായിരുന്നു ഷട്ടര്‍ ഉയര്‍ത്തിയത്. എന്നാല്‍ കനത്ത മഴതുടരുകയും നീരൊഴുക്ക് വര്‍ധിക്കുകയും ചെയ്തതോടെ ഡാമിലെ ജലനിരപ്പില്‍ ഗണ്യമായ കുറവ് ഉണ്ടായില്ല. മാത്രവുമല്ല ജലനിരപ്പ് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യവും ഉണ്ടായി. ഇതോടെ ഷട്ടര്‍ അടയ്‌ക്കേണ്ടെന്ന് തീരുമാനിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *