സർക്കാർ ധനസഹായം ബി.ജെ.പി. ഓഫീസിൽ വിതരണം ചെയ്തതായി പരാതി

കൊയിലാണ്ടി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ ധനസഹായം ബി.ജെ.പി. ഓഫീസിൽവെച്ച് വിതരണം ചെയ്തതായി പരാതി. കൊയിലാണ്ടി നഗരസഭയിലെ 35-ാം വാർഡിലാണ് ബി.ജെ.പി. കൗൺസിലർ വൈശാഖിൻ്റെ നേതൃത്വത്തിൽ ബി.ജെ.പി.യുടെ പാർട്ടി ഓഫീസായ മാരാർജി ഭവനിൽ വെച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്തിട്ടുള്ളത്. ഇതിനെതിരെ വ്യാപകമായ പരാതിയാണ് ഉയർന്നിട്ടുള്ളത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ച വാർഡിലാണ് എല്ലാ കോവിഡ് പ്രോട്ടോക്കോളും ലംഘിച്ച് കൗൺസിലറുടെ നേതൃത്വത്തിൽ പണം വിതരണം ചെയ്തത്. തിരുവോണ ദിവസം ഒരുതരത്തിലുമുള്ള സാമൂഹ്യ അകലവും പാലിച്ചില്ല എന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
തൊട്ടടുത്ത് ക്ഷേത്ര ഓഫീസിന് സമീപമുള്ള വിദ്യാഭ്യാസ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. അവിടെവെച്ച് നടത്താൻ എല്ലാ സൌകര്യവും ഉണ്ടായിട്ടും നരേന്ദ്ര മോഡിയുടെയും അമിത്ഷായുടെയും ഫോട്ടോയും മുമ്പിൽ വെച്ച് ബിജെപി ഓഫീസിൽ വെച്ച് പണം വിതരണം ചെയ്തതിൽ വൻ ഗൂഡാലോചനയുണ്ടെന്ന് ഇടതുമുന്നണി നേതാക്കൾ പറഞ്ഞു.


കഴിഞ്ഞ നിരവധി മാസങ്ങളായി സംസ്ഥാന സർക്കാരിൻ്റെ സാമൂഹ്യ ക്ഷേമ പെൻഷനും ഇതേ ബിജെപി ഓഫീസിൽ വെച്ചാണ് വിതരണം ചെയ്തത്. ഒരു ക്ഷേമനിധിയിലും അംഗങ്ങളല്ലാത്ത ബി.പി.എൽ. കുടുംബത്തിൽപ്പെട്ടവർക്ക് സംസ്ഥാന സർക്കാർ 1000 രൂപ പ്രഖ്യാപിച്ചിരുന്നു. ഈ പണം വിതരണം ചെയ്യാനെത്തിയ ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി ബി.ജെ.പി. ഓഫീസിലെത്തിച്ചാണ് പണം വിതരണം ചെയ്യിക്കുകയായിരുന്നു. നഗരസഭ കൌൺസിലർ നേതൃത്വം കൊടുത്ത് തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചാണ് ഇത്തരത്തിൽ പണം വിതരണം ചെയ്തത്. ഇതിനെതിരെ ജില്ലാ കലക്ടർക്ക് പരാതി കൊടുക്കനിരിക്കുകയാണ് ഇടത് മുന്നണി.


കോവിഡ് കാലത്തെ ധനസഹായം ഒരു പാർട്ടിയുടെയും ഓഫീസിൽ വിതരണം ചെയ്യാൽ പാടില്ലെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയതാണ്. ബാങ്ക് ജീവനക്കാർ വീടുകളിൽ നേരിട്ടെത്തി വിതരണം ചെയ്യണമെന്നാണ് സർക്കാർ റൂൾ. അതിന് ബാങ്കിന് സർക്കാർ 50 രൂപ വീതം അനുവദിക്കുന്നുമുണ്ട്. ഇതിൽ സർക്കാർ ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. ഇത് അട്ടിമറിച്ചാണ് ഇവിടെ പണം വിതരണം ചെയ്തത്. ഇതിനെതിരെ സിപിഐ(എം) കൊയിലാണ്ടി സൗത്ത് ലോക്കൽ കമ്മിറ്റി ശകതമായി പ്രതിഷേധിച്ചു. ലോക്കൽ സെക്രട്ടറി പി.കെ. ഭരതൻ സംസാരിച്ചു. സംഭവത്തിൽ മത്സ്യതൊഴിലാളി യൂണിയൻ സിഐടിയു കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറി സി.എം. സുനിലേശൻ്റെ നേതൃത്വത്തിലും പ്രതിഷേധിച്ചു.


