മലാല യൂസഫ്‌സായിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതി ജയില്‍ ചാടി
ഇസ്ലാമാബാദ്: നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയായ പാക് താലിബാന്‍ കമാന്‍ഡര്‍ ഇഹ്‌സാനുല്ല ഇഹ്‌സാന്‍ ജയില്‍ ചാടി. ഇഹ്‌സാനുല്ല ഇഹ്‌സാന്‍ തന്നെ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ശബ്ദരേഖയില്‍ നിന്നാണ് ജയില്‍ ചാടിയ വിവരം പുറത്തുവന്നത്.
ജനുവരി 11നാണ് പാക് സുരക്ഷാ ഏജന്‍സികളുടെ തടവില്‍ നിന്നും രക്ഷപ്പെട്ടതായി ഇഹ്‌സാന്‍ അവകാശപ്പെടുന്നത്. 2017ല്‍ പാക് സൈന്യത്തിന് കീഴടങ്ങുമ്ബോള്‍ നല്‍കിയ വാദ്ഗാനങ്ങള്‍ സൈന്യം പാലിക്കാത്തതിനാലാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ദൈവത്തിന്റെ സഹായത്തോടെ ജനുവരി 11ന് സുരക്ഷിതമായി ജയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചു. – ശബ്ദരേഖയില്‍ ഇഹ്‌സാന്‍ പറയുന്നു.

നിലവിലെ താനുള്ള സ്ഥലം വെളിപ്പെടുത്താതെ തന്നെ തടവിലാക്കപ്പെട്ട ദിവസങ്ങളെക്കുറിച്ചും വരും ദിവസങ്ങളിലെ ഭാവി പദ്ധതികളെക്കുറിച്ചും ഇഹ്‌സാന്‍ ശബ്ദരേഖയില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, ഇഹ്‌സാന്‍ പുറത്തുവിട്ടെന്ന് രീതിയില്‍ പ്രചരിക്കുന്ന ശ്ബദരേഖയുടെ ആധികാരികത പാകിസ്താന്‍ ഉറപ്പുവരുത്തിയിട്ടില്ല.

2012ല്‍ മലാല യൂസഫ്‌സായിയെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചതിനും 2014ല്‍ പെഷര്‍വാറിലെ ആര്‍മി സ്‌കൂളില്‍ ഭീകരാക്രമണം നടത്തിയ കേസിലുമാണ് ഇഹ്‌സാനെ പ്രതി ചേര്‍ത്തിരിക്കുന്നത്.

