മംഗളൂരുവിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട്: മംഗളൂരുവിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കി. ഉദ്യോഗസ്ഥരെ സജ്ജമാക്കി നിര്‍ത്താന്‍ ജില്ലാ പൊലീസ് മേധാവിമാരോട് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ ആവശ്യപ്പെട്ടു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ മംഗലാപുരത്ത് പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരോധനാജ്ഞ നിലനില്‍ക്കെ പ്രതിഷേധപ്രകടനം നടത്തിയ യുവാക്കള്‍ക്കുനേരെ പോലീസ് വെടിവെക്കുകയായിരുന്നു. ജലീല്‍, നൗഷീന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

ഒരാളെ ഗുരുതരമായ പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20 പോലീസുകാര്‍ക്കും പരിക്കേറ്റു. ഇവിടെ വെള്ളിയാഴ്ച അര്‍ധരാത്രിവരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിലാണ് കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

