ചിറക്കരയില്‍ സിപിഐ എം പ്രവര്‍ത്തകനെ കൊല്ലാന്‍ ശ്രമം
ചാത്തന്നൂര്‍: തെരഞ്ഞെടുപ്പ് ആഹ്ളാദ പ്രകടനത്തിനിടെ സിപിഐ എം – ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമം. ഗുരുതര പരിക്കേറ്റ ചിറക്കര ജനതാ ജങ്ഷന് കുഴിയത്ത് വീട്ടില്‍ ബിജേഷ് (28) നെയാണ് പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിൻ്റെയും മകൻ്റെയും നേതൃത്വത്തിൽ ആക്രമിച്ചത്.
ബിജേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ കേസെടുത്തു.

ചിറക്കര പഞ്ചായത്ത് ഇടവട്ടം വാര്‍ഡില്‍ സിപിഐ എം സ്ഥാനാര്‍ഥിയാണ് ജയിച്ചത്. തുടര്‍ന്ന് ആഹ്ളാ പ്രകടനത്തിടെ സ്ഥാനാര്‍ഥി ഉള്‍പെടെയുള്ള സിപിഐ എം പ്രവര്‍ത്തകരെ കോണ്‍ഗ്രസ് നേതാവ് ശിവന്‍കുട്ടിയുടെയും മകന്റെയും നേതൃത്വത്തില്‍ ആക്രമിച്ചു. പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു.

എന്നാല്‍, വൈകിട്ട് ആഹ്ളാദ പ്രകടനത്തെ പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിൻ്റെയും മകൻ്റെയും നേതൃത്വത്തില്‍ ഒളിച്ചിരുന്ന് ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ ബിജേഷിനെ രക്ഷിക്കാന്‍ ഓടിയെത്തിയ സിപിഐ എം പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും നേരെയും കോണ്‍ഗ്രസുകാര്‍ ആക്രമണം നടത്തി.

ആദ്യം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിജേഷിനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതികള്‍ക്കെതിരെ വധശ്രമത്തിനു കേസെടുക്കണമെന്ന് സിപിഐ എം ചിറക്കര ലോക്കല്‍ സെക്രട്ടറി എന്‍ ശശി ആവശ്യപ്പെട്ടു.
