KOYILANDY DIARY.COM

The Perfect News Portal

ലോകകപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.

ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. കപ്പിലേക്കുള്ള പോരാട്ടത്തിൻ്റെ ചൂട് ഇനി ഉയരും.  യൂറോപ്പില്‍നിന്ന് നെതര്‍ലന്‍ഡ്സ്, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ക്രൊയേഷ്യ, പോര്‍ച്ചുഗല്‍, ലാറ്റിനമേരിക്കയില്‍നിന്ന് ബ്രസീല്‍, അര്‍ജൻ്റീന, ആഫ്രിക്കന്‍ പ്രതിനിധികളായി മൊറോക്കോ എന്നിവരാണ് സെമി ലക്ഷ്യമിട്ട് കളത്തിലിറങ്ങുന്നത്.


വെള്ളി രാത്രി 8.30ന് എഡ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ ബ്രസീല്‍-ക്രൊയേഷ്യ മത്സരത്തോടെ ക്വാര്‍ട്ടര്‍ പോരാട്ടം തുടങ്ങും. രാത്രി 12.30ന് അര്‍ജൻ്റീന നെതര്‍ലന്‍ഡ്സിനെ നേരിടും. ശനി രാത്രി 8.30ന് പോര്‍ച്ചുഗല്‍-മോറോക്കോ, രാത്രി 12.30ന് ഇംഗ്ലണ്ട്-ഫ്രാന്‍സ് മത്സരങ്ങളും നടക്കും.

ആറാം കിരീടം ലക്ഷ്യം വെയ്ക്കുന്ന ബ്രസീലിന് നിര്‍ണായക ചുവടുവയ്പ്പാണ് ഇന്നത്തെ പോരാട്ടം. കഴിഞ്ഞ നാല് ലോകകപ്പുകളില്‍ മൂന്നിലും ബ്രസീല്‍ ക്വാര്‍ട്ടറില്‍ പുറത്തായി. 2014ല്‍ സെമിയിലും 2006, 2010, 2018 ലോകകപ്പുകളില്‍ ക്വാര്‍ട്ടറിലുമാണ് ബ്രസീല്‍ വീണത്.

നിലവിലെ റണ്ണറപ്പായ ക്രൊയേഷ്യ ലൂകാ മോഡ്രിച്ചിലൂടെ മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നു. അവസാന ലോകകപ്പ് കളിക്കുന്ന മുപ്പത്തേഴുകാരന്‍ ഫോമിലേക്കുയര്‍ന്നിട്ടില്ല. ദെയാന്‍ ലോവ്റന്‍, ഇവാന്‍ പെരിസിച്ച് എന്നീ പരിചയസമ്പന്നരും കൂട്ടിനുണ്ട്. ഇത്തവണ ഒരു കളിയില്‍മാത്രമാണ് ആധികാരിക ജയം സാധ്യമായത്.

Advertisements
Share news