KOYILANDY DIARY

The Perfect News Portal

മെഡി. കോളേജിൽ പെറ്റ് സിടി സ്കാനർ രോഗനിർണയത്തിൽ പുതുവിപ്ലവം

കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ രോഗനിർണയത്തിന്‌ നവീനമായ സംവിധാനങ്ങളോടെ പെറ്റ് സിടി സ്കാനർ സംവിധാനം പ്രവർത്തനമാരംഭിച്ചു. കേരളത്തിൽ സർക്കാർ മെഡിക്കൽ കോളേജുകളിലെ ആദ്യ സംരംഭം പത്തുകോടി രൂപ ചെലവിലാണ്‌ സജ്ജമാക്കിയത്‌. അർബുദം ഉൾപ്പെടെ പല മാരകരോഗങ്ങളും നേരത്തേ നിർണയിക്കാനാവുന്ന സംവിധാനമാണിത്. പോസിട്രോൺ കണങ്ങൾ പുറപ്പെടുവിക്കുന്ന ഐസോടോപ്പുകൾ ഉപയോഗിച്ച് ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ നിർണയിച്ച്‌ രോഗം നിർണയിക്കുന്ന രീതിയാണിത്‌.  പെറ്റ് സ്കാനിനൊപ്പം സിടി  സ്കാനുമുള്ളതിനാൽ ശരീരഘടനയിലെ മാറ്റവും ഒരേ സമയം നിർണയിക്കാനാവും.
അർബുദം കണ്ടെത്താനും വ്യാപിച്ചുട്ടുണ്ടോ എന്ന്‌ നിർണയിക്കാനുമാണ്‌ പെറ്റ്‌ സ്‌കാനർ  കൂടുതലായി ഉപയോഗിക്കുക.  ശരീരത്തിലെ പ്രകടമല്ലാത്ത അണുബാധ, ക്ഷയം, മറവി രോഗം, പാർക്കിൻസൺ, ഹൃദയപേശികളിലെ രക്തചംക്രമണത്തിലെ തകരാറുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചികിത്സ, അപസ്മാരത്തിന്റെ തലച്ചോറിലെ ഉറവിട നിർണയം തുടങ്ങിയവയ്‌ക്ക്‌ ഈ സംവിധാനം ഉപയോഗപ്പെടുത്താം.
Advertisements
മാസം 200 പേർക്കാണ് ചികിത്സാ നിർണയം നടത്താനാവുക.  150 രോഗികൾക്ക് ഇതുവരെ രോഗ നിർണയം നടത്തി. ഒരാൾക്ക് 11, 000 രൂപയാണ് ചെലവ്. ആരോഗ്യ ഇൻഷൂറൻസിൽ ഉൾപ്പെടുന്നവർക്ക്‌  പൂർണമായും സൗജന്യമാകും. സ്വകാര്യ സ്ഥാപനങ്ങളിൽ പെറ്റ്‌ സ്‌കാനർ പരിശോധനയ്‌ക്ക്‌ 18,000 മുതൽ 25,000 വരെയാണ്. റേഡിയേഷൻ പ്രസരണമുള്ളതിനാൽ  അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡിന്റെ അംഗീകാരം വേണം. ഹാൾ, ഹോട്ട് ലാബ്,  വെയിറ്റിങ് ഏരിയ തുടങ്ങിയവയും അനുബന്ധമായി ഏർപ്പെടുത്തി. പരീക്ഷണാർഥം പ്രവർത്തനമാരംഭിച്ച സ്‌കാനർ രണ്ടാഴ്ചക്കകം ഉദ്ഘാടനം ചെയ്യുമെന്ന് ന്യൂക്ലിയർ മെഡിസിൻ മേധാവി ഡോ. വി പി അനില കുമാരി പറഞ്ഞു.