KOYILANDY DIARY.COM

The Perfect News Portal

ബാങ്കിന്‍റെ ജപ്തി നടപടി നേരിട്ട കുടുംബത്തിന് വീട് തിരിച്ചു നല്‍കും. റിസ്ക് ഫണ്ടില്‍ നിന്ന് തുക നല്‍കുമെന്ന് മന്ത്രി വി എൻ വാസവൻ

കുടുംബത്തെ പെരുവഴിയിലാക്കിയ ബാങ്കിന്‍റെ ജപ്തി നടപടിയില്‍ ഇടപെട്ട് സഹകരണ മന്ത്രി വി. എന്‍ വാസവന്‍. വീട് തിരിച്ചു നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. റിസ്ക് ഫണ്ടിൽ നിന്ന് ഇതിന് ആവശ്യമായ തുക നൽകാനാണ് തീരുമാനം. സഹകരണ വകുപ്പ് ജോയിൻ രജിസ്ട്രാറെ ഇതിനായി ചുമതലപ്പെടുത്തി. സ്ഥലത്തെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം തീരുമാനമെടുക്കും. കോടതി ഉത്തരവുപ്രകാരമാണ് ജപ്തി ഉണ്ടായത് എന്നും മന്ത്രി വിശദീകരിച്ചു.

തൃശൂർ അർബൻ കോഓപ്പറേറ്റീവ് ബാങ്കിന്‍റേതാണ് ജപ്തി നടപടി. ഒന്നര ലക്ഷം രൂപ വായ്പ എടുത്ത കുടുംബത്തിന്റെ വീട് ബാങ്ക് അധികൃതര്‍ ജപ്തി ചെയ്യുകയായിരുന്നു. ജപ്തിയെ തുടര്‍ന്ന് അമ്മയും മക്കളും പെരുവഴിയിലാണ്. മുണ്ടൂർ സ്വദേശി ഓമന, മഹേഷ്‌, ഗിരീഷ് എന്നിവരാണ് വീടിന് പുറത്ത് നിൽക്കുന്നത്.

ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് ബാങ്ക് അധികൃതര്‍ വീട് പൂട്ടി പോയത്. ഉടുതുണിയും ഭക്ഷണ സാധനങ്ങളും വീടിനുള്ളിലാക്കി സീല്‍ ചെയ്തു. തിരിച്ചടവ് മുടങ്ങിയതോടെ പലിശയുള്‍പ്പെടെ അഞ്ചു ലക്ഷം രൂപ തിരിച്ചടിക്കാനുണ്ടെന്ന് കാട്ടി ബാങ്ക് ജപ്തി ചെയ്യുകയായിരുന്നു.

Advertisements
Share news