KOYILANDY DIARY.COM

The Perfect News Portal

പുല്ലു വെട്ടാൻ പോയ കർഷകനെ ചീങ്കണ്ണി പിടിച്ചെന്നു സംശയം. തിരച്ചിൽ ഊർജിതം

മീനങ്ങാടി: വയനാട്ടിൽ പുല്ലു വെട്ടാൻ പോയപ്പോൾ കാണാതായ ക്ഷീര കർഷകനെ ചീങ്കണ്ണി പിടിച്ചെന്നു സംശയം. ചീരാംകുന്ന് മുരണി കുണ്ടുവയിൽ കീഴാനിക്കൽ സുരേന്ദ്രനെ (55) ആണ് കാണാതായത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിൽനിന്നു 100 മീറ്റർ മാറിയുള്ള പുഴയുടെ സമീപത്തെ സ്വന്തം തോട്ടത്തിൽ പുല്ല് വെട്ടാൻ പോയതായിരുന്നു.
ഏറെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ഭാര്യ ഷൈലജ അന്വേഷിച്ചു പോയെങ്കിലും കണ്ടെത്താനായില്ല. പുല്ല്, തോർത്ത് മുണ്ട്, സുരേന്ദ്രന്റെ ഒരു ബൂട്ട് എന്നിവ അവിടെ കണ്ടെത്തി. പ്രദേശത്തെ പുല്ലിലൂടെ വലിച്ചുകെ‍ാണ്ടുപോയ പാടും കണ്ടതോടെ ഭയന്നു കുഴഞ്ഞുവീണ ഷൈലജയെ മീനങ്ങാടിയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. 
പ്രദേശത്ത് അവ്യക്തമായി 3 കാൽപാടുകളും സമീപത്ത് പുല്ലിലൂടെ വലിച്ചു കെ‍ാണ്ടുപോയ പാടുമുണ്ട്. പുഴയിൽനിന്നുള്ള ഏതെങ്കിലും ജീവിയാകാമെന്നാണു കരുതുന്നത്. ചീങ്കണിയാണെന്ന സംശയവും നാട്ടുകാർ പറയുന്നുണ്ട്. മുൻപ് ഇവിടെ ചീങ്കണിയെ കണ്ടതായി ചിലർ പറഞ്ഞു.
ശക്തമായ മഴയായതിനാൽ പുഴയിൽ വെള്ളം കൂടുതലാണ്. ബത്തേരി ഫയർഫോഴ്സ്, എൻഡിആർഎഫ്, മീനങ്ങാടി പൊലീസ്, പഞ്ചായത്ത് അധികൃതർ എന്നിവരും നാട്ടുകാരും സ്ഥലത്തെത്തി രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
മീനങ്ങാടി പെ‍ാലീസ് സുരേന്ദ്രനെ കാണാതായ സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തു. തിരച്ചിൽ കാര്യക്ഷമമാക്കാൻ പുഴയിലെ ജലനിരപ്പ് നിയന്ത്രിക്കാനായി കാരാപ്പുഴ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ താഴ്ത്തി ഒഴുക്ക് നിയന്ത്രിക്കാൻ. അധികൃതർ ജലസേചന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാൽപാടുകൾ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. 

Share news