ഭക്ഷണത്തിന് ശേഷം കുളിയും ഉച്ചമയക്കവും പതിവാണോ? എങ്കിൽ ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ..
.
ഭക്ഷണത്തിന് ശേഷമുള്ള ഉച്ചമയക്കം മുതൽ പല കാര്യങ്ങളും നിർബന്ധമുള്ളവരാണ് മലയാളികൾ. എന്നാൽ നമ്മുടെ ഇത്തരം ചില ശീലങ്ങൾ കൊണ്ടെത്തിക്കുക പല ആരോഗ്യപ്രശ്നങ്ങളിലേക്കുമാണ്. ഭക്ഷണത്തിന് ശേഷമുള്ള കുളി, മയക്കം, ഭാരമുള്ള ജോലിയോ വ്യായാമമോ ചെയ്യുന്നത്, തണുത്ത വെള്ളം കുടിക്കുക തുടങ്ങിയ പല ശീലങ്ങളും പിന്നീട് വലിയ വിനയായി മാറും.

പലർക്കും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഉച്ചമയക്കം. ഭക്ഷണത്തിന് ശേഷം സുഗമായി ഒന്നുറങ്ങിയില്ലെങ്കിൽ ഒട്ടുമിക്ക ആളുകൾക്കും വലിയ അസ്വസ്ഥതയാണ്. എന്നാൽ ഈ ശീലം ദഹനപ്രശ്നം, അസിഡിറ്റി, നെഞ്ചെരിച്ചിൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. പ്രത്യേകിച്ച് ഈ ഓണക്കാലത്ത് സദ്യപോലെയുള്ള കലോറി കൂടിയ ഭക്ഷണം കഴിച്ചതിന് ശേഷമാണ് ഉറങ്ങുന്നതെങ്കിൽ പ്രശ്നം കൂടുതൽ വഷളാക്കും.

ഭക്ഷണത്തിന് ശേഷം കുളിക്കരുതെന്ന് പൊതുവെ മുതിർന്നവർ പറയുന്ന കാര്യമാണ്. മൂത്തവർ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും, പിന്നീട് മധുരിക്കും എന്നു പറയുന്ന പോലെ ഭക്ഷണത്തിന് ശേഷമുള്ള കുളിയും ആരോഗ്യത്തിന് പിന്നീട് പണികിട്ടാൻ സാധ്യതയുള്ള ഒന്നാണ്. നമ്മുടെ ദഹന എൻസൈമുകൾ പ്രവർത്തിക്കുന്നത് സാധാരണ ശരീര താപനിലയിലാണ്. എന്നാൽ ശരീരം തണുത്താൽ ഇതിന് മാറ്റം വരും.

ഇതുപോലെ ശരീരത്തിന് പണികിട്ടുന്ന ഒന്നാണ് ഭക്ഷണത്തിന് ശേഷം തണുത്തവെള്ളം കുടിക്കുന്നത്. ഇത് ആമാശയത്തിലെ താപനില പെട്ടെന്ന് താഴാനും എൻസൈമുകളുടെ പ്രവർത്തനക്ഷമത കുറയ്ക്കാനും ഇടയാക്കും. ഇതുകൂടാതെ, ഭക്ഷണത്തിന് ശേഷമുള്ള പുകവലിയും, ചായ, കാപ്പി പോലുള്ള പാനീയങ്ങൾ കുടിക്കുന്നതും ഒഴിവാക്കേണ്ടതാണ്.



