ചേമഞ്ചേരി സജീഷ് ഉണ്ണി – ശ്രീജിത്ത് മണി സ്മാരകസേവാസമിതി ഓണാഘോഷം ‘വസന്തോത്സവം-2026’ സംഘടിപ്പിച്ചു
.
കൊയിലാണ്ടി: ചേമഞ്ചേരി സജീഷ് ഉണ്ണി – ശ്രീജിത്ത് മണി സ്മാരകസേവാസമിതി ഈ വർഷത്തെ ഓണാഘോഷം ‘വസന്തോത്സവം-2026’ സംഘടിപ്പിച്ചു. പൂക്കാട് കലാലയം പ്രിൻസിപ്പൽ ശിവദാസ് ചേമഞ്ചേരി ഉദ്ഘാടനം ചെയ്തു. സേവാസമിതി സംസ്ഥാനതലത്തിൽ മികച്ച വാദ്യകലാകാരനു നൽകുന്ന പ്രഥമ വാദ്യകലാമണി പുരസ്കാരം സജീഷ് ഉണ്ണിയുടെയും ശ്രീജിത്ത് മണിയുടെയും വാദ്യകലാഗുരുനാഥനായ പത്മനാഭൻ കാഞ്ഞിലശ്ശേരിക്ക് വാദ്യകുലപതി പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ സമ്മാനിച്ചു.

വിശിഷ്‌ടാതിഥിയായി യു.കെ രാഘവൻ മാസ്റ്റർ പ്രശസ്തി പത്രവും, സേവാസമിതി കാര്യദർശി കെ.പി വിജയൻ ക്യാഷ് അവാർഡും സമ്മാനിച്ചു.
സോപാനം വാദ്യകലാസംഘം ഡയറക്‌ടർ മേളകലാരത്നം സന്തോഷ് കൈലാസ് അധ്യക്ഷത വഹിച്ചു. ബിന്ദു ചോയ്യക്കാട്ട്, വാർഡ് മെമ്പർ കെ കെ. സരീഷ്, ഭാസ്കരൻ കൊളോത്ത്, രാമചന്ദ്രൻ പൊന്മന എന്നിവർ സംസാരിച്ചു. തുടർന്ന് സന്തോഷ് കൈലാസിൻ്റെ ശിക്ഷണത്തിൽ സോപാന സംഗീതം അഭ്യസിച്ച വിദ്യാർത്ഥികളുടെ സോപാന സംഗീതാവതരണവും, കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

വസന്തോത്സവത്തോടനുബന്ധിച്ച് പ്രദേശത്തെ ആളുകളുടെ സർഗ്ഗ രചനകൾ ചേർത്ത് പ്രസിദ്ധീകരിച്ച ‘സ്പന്ദനം 2026’ കയ്യെഴുത്ത് മാസികയുടെ പ്രകാശന കർമ്മം പ്രസ്തുത ചടങ്ങിൽ വെച്ച് ഡോക്ടർ ഇ. ശ്രീജിത്ത് വസന്തോത്സവത്തോടനുബന്ധിച്ച് ഗൃഹാങ്കണ പൂക്കള മത്സരവും, കായിക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.



