അധ്യാപികയുടെ മരണം കൊലപാതകമെന്ന് പൊലീസ്
കാസര്‍ഗോഡ്: മിയാപദവ് സ്കൂളിലെ അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ സ്കൂളിലെ ഡ്രോയിങ് അധ്യാപകന്‍ വെങ്കിട്ടരമണ കരന്തരയെയും സഹായി നിരഞ്ജനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ കാസര്‍കോട് എസ്.പിയുടെ ഓഫീസിലേക്ക് മാറ്റി.
പ്രതിയായ വെങ്കിട്ടരമണനും രൂപശ്രീയും തമ്മില്‍ സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്. ജനുവരി 14നാണ് രൂപശ്രീയെ കാണാതായത്. തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് കോയിപ്പാടി കടപ്പുറത്ത് നിന്ന് മൃതദേഹം കണ്ടെടുത്തത്. പ്രതി തന്‍റെ കാറില്‍ മൃതദേഹം കോയിപ്പാടി കടപ്പുറത്ത് ഉപേക്ഷിക്കുകയായിരുന്നു. രൂപശ്രീയുടെ മുടി അടക്കമുള്ള തെളിവുകള്‍ കാറില്‍ നിന്ന് ഫോറന്‍സിക് വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ നേരത്തെ കസ്റ്റഡിയില്‍ എടുത്തെങ്കിലും തെളിവുകളുടെ അഭാവത്തില്‍ പിന്നീട് പൊലീസ് വിട്ടയച്ചിരുന്നു.

