KOYILANDY DIARY

The Perfect News Portal

പുതിയ ജോലി തേടി പോകേണ്ട ദുരവസ്ഥയിലാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍

വേതനക്കരാര്‍ ഒപ്പുവയ്ക്കാത്തതിനെത്തുടര്‍ന്ന് പുതിയ ജോലി തേടി പോകേണ്ട ദുരവസ്ഥയിലാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍. പുതിയ കരാര്‍ ഒപ്പുവയ്ക്കേണ്ട അവസാന തിയതി ഈ മാസം 30 ആണ്. നിലവിലെ സ്ഥിതി അനുസരിച്ച്‌ ഇതിനകം കരാര്‍ ഒപ്പുവയ്ക്കാനുള്ള സാധ്യത ഇല്ല.

ഇതോടെ ഓസീസ് കളിക്കാര്‍ തൊഴില്‍രഹിതരാകും. 200ലേറെ കളിക്കാരെ ഇത് ബാധിക്കും. ഒത്തുതീര്‍പ്പിനുള്ള സാധ്യത വിരളമാണെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ഗ്രേഗ് ഡയര്‍ പറഞ്ഞു.

തൊഴിലില്ലാത്ത ദിവസങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ അദ്ദേഹം കളിക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കി.ക്രിക്കറ്റിലെ വരുമാനത്തിന്റെ നിശ്ചിതശതമാനം കളിക്കാര്‍ക്ക് നല്‍കുന്നതിനെ ചൊല്ലിയാണ് പ്രധാന തര്‍ക്കം. രണ്ടു പതിറ്റാണ്ടായി നിലനില്‍ക്കുന്നതാണ് ഇത്. എന്നാല്‍ ഇനി ഇത് തുടരാനാകില്ലെന്നതാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിലപാട്.

Advertisements

പ്രതിഫലത്തിന് പുറമെ വരുമാനത്തിന്റെ ഒരു ഭാഗം കൂടി കളിക്കാര്‍ക്ക് നല്‍കുന്നതോടെ അടിസ്ഥാനമേഖലകളില്‍ ക്രിക്കറ്റ് വികസനത്തിന് പണം കണ്ടെത്താനാകുന്നില്ല എന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിലപാട്.

തൊഴില്‍ക്കരാര്‍ നല്‍കാതെ പ്രതിഫലം കൂട്ടാന്‍ തയ്യാറാണെന്ന് അവര്‍ കളിക്കാരുടെ അസോസിയേഷനെ അറിയിച്ചു. എന്നാല്‍ വര്‍ഷങ്ങളായി കിട്ടുന്ന ആനുകൂല്യം നിഷേധിച്ചതിനാല്‍ കളിക്കാര്‍ ഈ നിര്‍ദേശം നിരസിച്ചു. എന്നാല്‍ ക്രിക്കറ്റ് ഓസ്ട്രേലിയ കടുത്ത നിലപാട് എടുത്തതോടെ കളി ഇല്ലാതാകുമെന്ന് മനസ്സിലാക്കിയ കളിക്കാരുടെ അസോസിയേഷന്‍ വരുമാനത്തിനുവേണ്ടി മറ്റു മേഖലകളിലേക്ക് തിരിയാന്‍ തീരുമാനിച്ചു.

കളിക്കാര്‍ക്ക് പുതിയ വിപണിസാധ്യത കണ്ടെത്താനാണ് അവരുടെ ശ്രമം. വേതനതര്‍ക്കം തീരാത്തതിനാല്‍ ഓസ്ട്രേലിയയുടെ പരമ്ബരകളും അനിശ്ചിതത്വത്തിലായി. ഓസ്ട്രേലിയന്‍ എ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ് ആദ്യം. പിന്നീട് രണ്ട് ടെസ്റ്റ്പരമ്ബരയ്ക്കായി ബംഗ്ളാദേശിലേക്ക്. ആഗസ്റ്റ് 27നാണ് ബംഗ്ളാദേശ് പര്യടനത്തിന്റെ തുടക്കം. ഇന്ത്യയുമായി ഏകദിന പരമ്ബരയുമുണ്ട്. ഇതെല്ലാം ഇപ്പോള്‍ കുഴപ്പത്തിലായി.

Leave a Reply

Your email address will not be published. Required fields are marked *