ബോംബുണ്ടാക്കാൻ പഠിച്ചത് ഇന്റർനെറ്റിൽ നിന്ന്; റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്തു: പരിശോധന തുടരുന്നു
കൊച്ചി: ബോംബുണ്ടാക്കാൻ പഠിച്ചത് ഇന്റർനെറ്റിൽ നിന്ന്; റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്തു. പരിശോധന തുടരുന്നു. കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ യോഗത്തിനിടെയുണ്ടായ ബോംബ് സ്ഫോടനം ഏറെ ആസൂത്രണത്തോടെ നടത്തിയത്. കൊച്ചി സ്വദേശിയായ ഡൊമിനിക് മാർട്ടിനാണ് കൺവൻഷൻ സെന്ററിൽ സ്ഫോടനം നടത്തിയത്. ചോറ്റുപാത്രത്തിനുള്ളിൽ സജ്ജീകരിച്ച ടിഫിൻ ബോക്‌സ് ബോംബാണ് കളമശേരിയിലെ സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു.

സ്‌ഫോടന സ്ഥലത്ത് വെടിമരുന്നിന്റെ സാന്നിധ്യവും ബാറ്ററിയുടെ അവശിഷ്‌ടവും കണ്ടെത്തിയിരുന്നു. റിമോട്ട് ഉപയോഗിച്ച് ട്രിഗർ ചെയ്താണ് മാർട്ടിൻ സ്ഫോടനം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ബോംബ് ട്രിഗർ ചെയ്യാൻ ഉപയോഗിച്ച ആപ്ലിക്കേഷൻ, ബോംബ് നിർമിക്കാൻ ഉള്ള സെർച്ച് ഹിസ്റ്ററി എല്ലാം ഫോണിൽ നിന്ന് പൊലീസ് കണ്ടെത്തിയതായാണ് വിവരം.


ഇതിനെ സാധൂകരിക്കുന്ന തെളിവുകളും മാർട്ടിന്റെ ഫോണിൽ നിന്ന് ലഭിച്ചു. ആറുമാസത്തോളമെടുത്താണ് മാർട്ടിൻ കൃത്യനിർവഹണത്തിന് തയാറായതെന്നാണ് വിവരം. ബോംബ് നിർമിക്കുന്ന രീതി ഇന്റർനെറ്റ് മുഖേന പഠിക്കുകയും സാധനങ്ങൾ ഓൺലൈനായി വാങ്ങുകയും ചെയ്തു. ബോംബ് നിർമാണത്തിനുപയോഗിച്ചതെന്ന് കരുതുന്ന ടൂൾ ബോക്സും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മാർട്ടിന്റെ തമ്മനത്തെ വീട്ടിൽ പരിശോധന തുടരുകയാണ്.

