KOYILANDY DIARY.COM

The Perfect News Portal

ജില്ലയിലെ എല്ലാ സ്‌കൂൾ സ്‌റ്റാഫ്‌ റൂമുകളിലും ലൈബ്രറി ഒരുങ്ങുന്നു

കോഴിക്കോട്‌: ജില്ലയിലെ എല്ലാ സ്‌കൂൾ സ്‌റ്റാഫ്‌ റൂമുകളിലും ലൈബ്രറി ഒരുങ്ങുന്നു. കുട്ടികളിലും അധ്യാപകർക്കിടയിലും വായനശീലം വർധിപ്പിക്കുകയാണ്‌ ലക്ഷ്യം. പൊതു വിദ്യാഭ്യാസ വകുപ്പിന്റേതാണ്‌ സമ്പൂർണ സ്‌റ്റാഫ്‌ റൂം ലൈബ്രറി പദ്ധതി. ഇതിന്റെ ഭാഗമായി പ്രൈമറി, സെക്കൻഡറി തലങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിൽ ആഗസ്ത് 15ന് മുമ്പ് ലൈബ്രറികൾ സ്ഥാപിക്കും. ഇവയെ വിദ്യാലയങ്ങളിലെ പൊതുലൈബ്രറികളുമായി ബന്ധിപ്പിക്കും. അധ്യാപകരിലൊരാളായിരിക്കും ലൈബ്രേറിയൻ. പുസ്തക രജിസ്റ്റർ, പുസ്തക വിതരണ രജിസ്റ്റർ എന്നിവ പ്രത്യേകം ഒരുക്കണം. ബോധനപ്രക്രിയയെ സഹായിക്കുന്നതും അനുബന്ധ വായനയ്‌ക്ക് ആവശ്യമുള്ളതുമായ പുസ്തകങ്ങൾ പ്രത്യേകം ശേഖരിക്കും. വിദ്യാർഥികളും അധ്യാപകരും പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുമുണ്ടാകും. 

പദ്ധതിയുടെ തുടർച്ചയായി ജില്ലയിലെ മുഴുവൻ ക്ലാസുകളിലും ഗ്രന്ഥാലയങ്ങൾ ഒരുക്കും. ഒഴിവു സമയങ്ങളിലും ഒഴിവു ദിവസങ്ങളിലും പുസ്തക ചർച്ച തുടങ്ങിയ പരിപാടികളൊരുക്കും. മുപ്പതിനായിരത്തോളം അധ്യാപകരാണ്‌ പങ്കാളികളാവുക. അധ്യാപകവായനയുടെ സദ്ഗുണം കുട്ടികളിലും നല്ല അനുകരണങ്ങൾ സൃഷ്ടിക്കും. കോവിഡ് കാലം കുട്ടികളിൽ സൃഷ്ടിച്ച അക്കാദമിക വിടവുകൾ പരിഹരിക്കാനും മൊബൈൽ ആസക്തി പോലുള്ളവയിൽനിന്നും വിമുക്തമാക്കാനും ഒരളവുവരെ സാധിക്കുമെന്ന്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസർ മനോജ്‌ മണിയൂർ പറഞ്ഞു. വിദ്യാലയതലങ്ങളിൽ ലൈബ്രറി ഉദ്ഘാടനം ആഗസ്ത് 10ന്‌ പൂർത്തിയാക്കി യൂണിറ്റ് തല ഉദ്ഘാടനങ്ങൾ സംഘടിപ്പിക്കണം. ആഗസ്തിൽ സമ്പൂർണ സ്റ്റാഫ് റൂം ലൈബ്രറി ജില്ലയായി കോഴിക്കോടിനെ പ്രഖ്യാപിക്കുവാനാണ് ഉദ്ദേശിക്കുന്നത്.


Share news

Leave a Reply

Your email address will not be published. Required fields are marked *