KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി : നെല്യാടിപ്പുഴയോരം കേന്ദ്രീകരിച്ച് ഉത്തരവാദിത്വ ടൂറിസത്തിന് സാധ്യതകളേറെ. സഞ്ചാരികൾക്ക് മേഖലയുടെ പ്രകൃതിഭംഗിയും ഗ്രാമീണ ജീവിതവും സാംസ്കാരികത്തനിമയും നേരിട്ടറിയാൻ അവസരമൊരുക്കും വിധം പദ്ധതി ആവിഷ്കരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് പുളിയഞ്ചേരി യങ്‌ ടൈഗേഴ്സ് കലാസാംസ്കാരിക വേദിക്ക് കീഴിലുള്ള നെല്ല്യാടി ഉത്തരവാദിത്ത ടൂറിസം ഫോറം പഠന രേഖ തയ്യാറാക്കി ടൂറിസംമന്ത്രി പി.എ. മുഹമ്മദ് റിയാസിന് കൈമാറി.

അകലാപ്പുഴയുടെ ഭാഗമാണ് നെല്ല്യാടിപ്പുഴ. കൊയിലാണ്ടി നഗരസഭയുടെയും കീഴരിയൂർ, മൂടാടി, തിക്കോടി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, ഉള്ള്യേയേരി പഞ്ചായത്തുകളുടെയും ഓരം ചേർന്ന് ഒഴുകുന്ന അകലാപ്പുഴയുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന നിർദേശങ്ങളാണ് സമർപ്പിച്ചത്. ഇവിടത്തെ തനതു ഗ്രാമീണസംസ്കാരവും പ്രകൃതിഭംഗിയും സ്വാഭാവിക പരിതസ്ഥിതിയും നിലനിർത്തിക്കൊണ്ട്‌ ഒരു പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതി ഉത്തരവാദിത്ത ടൂറിസംമിഷന്റെ കാഴ്ചപ്പാടുകൾക്കനുസൃതമായി നടപ്പാക്കണമെന്നാണ് ആവശ്യം. പദ്ധതി യാഥാർഥ്യമായാൽ ഗ്രാമീണ കുടിൽ വ്യവസായങ്ങളും കലാരൂപങ്ങളും നാടൻ ഭക്ഷ്യവിഭവങ്ങളും കൂടുതൽ പേരിലേക്ക് എത്തിക്കാനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും സാധിക്കും. അനുഗ്രഹീതമായ പ്രകൃതിദത്ത ആവാസമേഖലയാണ് ഇവിടം. പുഴയും ഇടതോടുകളും നീർത്തടങ്ങളും ആമ്പൽ പൊയ്കകളും കണ്ടൽക്കാടുകളും ചേർന്ന് മനോഹരമാണ് അകലാപ്പുഴയ്ക്ക് ചുറ്റും.പുഴയിലൂടെ ചെറുതോണിയിൽ സഞ്ചരിക്കുന്നത് ആസ്വാദ്യകരമായ അനുഭവമായിരിക്കും. ഇരുകരകളിലുമായുള്ള കണ്ടൽക്കാടുകൾ വിവിധയിനം പക്ഷികളുടെ ആവാസകേന്ദ്രവും ദേശാടനപ്പക്ഷികളുടെ ഇടത്താവളവുമാണ്. കയാക്കിങ്, സ്കൂബ ഡൈവിങ്‌, നീന്തൽ മത്സരങ്ങൾ, തുഴച്ചിൽ പരിശീലനം തുടങ്ങിയ ജലകായികയിനങ്ങളുടെ പരിശീലനത്തിനും പുഴ ഉപയോഗപ്പെടുത്താനാകും.

തോണിയാത്ര, പുഴയോര റോഡ് വഴിയുള്ള സൈക്ലിങ്‌, പട്ടം പറത്തൽ, ചൂണ്ടയിടൽ എന്നിവയും നെല്യാടിപ്പുഴയോരത്ത് സംഘടിപ്പിക്കാം. അകലാപ്പുഴയോരത്തെ തനതു കൈത്തൊഴിലുകളായ തഴപ്പായ നെയ്ത്ത്, കയർ പിരിക്കൽ, തുണിനെയ്ത്ത്, ഹുക്ക നിർമാണം, ഉരു നിർമാണം തുടങ്ങിയവ സഞ്ചാരികളെ പരിചയപ്പെടുത്താനും തെയ്യവും തിറയും കളരിയും അവർക്കുമുന്നിൽ അവതരിപ്പിക്കാനും സൗകര്യമുണ്ടാക്കണം. കൊയിലാണ്ടിയുടെ തനതുവിഭവങ്ങളും ടൂറിസ്റ്റുകൾക്കായി അവതരിപ്പിക്കുന്നത് ഗുണംചെയ്യും. സഞ്ചാരികളെ ജില്ലയിലെ പ്രധാന ടൂറിസം സെന്റുകളായ കാപ്പാട് ബീച്ച്, അകലാപ്പുഴ ബോട്ടിങ്‌സെന്റർ, തിക്കോടി ഡ്രൈവ് ഇൻ ബീച്ച്, പെരുവണ്ണാമൂഴി ഡാം, കരിയാത്തുംപാറ, കക്കയം ഡാം, കൊയിലാണ്ടി ഫിഷിങ് ഹാർബർ, അണേല കണ്ടൽ മ്യൂസിയം, കടലൂർ പോയന്റ് ലൈറ്റ് ഹൗസ്, വെള്ളിയാംകല്ല് എന്നിവയുമായും ബന്ധപ്പെടുത്താം. സഞ്ചാരികളെ സമീപ തീർഥാടന കേന്ദ്രങ്ങളിലേക്ക് ആകർഷിക്കാനും പദ്ധതിവേണം. കൊല്ലം പിഷാരികാവ് ക്ഷേത്രം, കൊല്ലം പാറപ്പള്ളി മഖാം, ഉരുപുണ്യകാവ് ബീച്ച്, മുചുകുന്ന് കോട്ടയിൽ ക്ഷേത്രം, പന്തലായനി അഘോര ശിവ ക്ഷേത്രം, പൊയിൽക്കാവ് ക്ഷേത്രം എന്നിവയും സഞ്ചാരികളെ ആകർഷിക്കും.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *