അപകടത്തിൽ കുടുങ്ങിയ തെരുവ് നായയുടെ രക്ഷകനായി യുവാവ്
കൊയിലാണ്ടി: ഓവുചാലിലെ വെള്ളക്കെട്ടിൽ നിന്നും കരപറ്റാനാകാതെ പ്രയാസപ്പെട്ട തെരുവ് നായയെ രക്ഷപ്പെടുത്തിയ യുവാവിന്റെ ശ്രമം മാതൃകയായി. കുറുവങ്ങാട് മാവിൻ ചുവടിൽ റോഡരികിലുള്ള ഓവ് ചാലിലാണ് വാഹനമിടിച്ച് തെറിച്ച് വീണതെന്ന് കരുതപ്പെടുന്ന നിലയിൽ നായയെ കണ്ടത്. ഊരയ്ക്ക് പരുക്കേറ്റതിനാൽ ഓവുചാലിൽ നിന്നും രക്ഷപ്പെടാനുള്ള നായയുടെ ദയനീയ സ്ഥിതി ശ്രദ്ധയിൽ പെട്ട പരിസരവാസിയായ മർജാനിൽ യു. സിറാജുദ്ദീൻ എന്ന യുവാവ് രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു.

ആദ്യം നായക്ക് മാംസ മുൾപ്പെടെയുള്ള ഭക്ഷണം നൽകിയശേഷം. വെള്ളത്തിൽ നിന്നും പുറത്തെത്തിക്കുകയായിരുന്നു. നടക്കാൻ സാധിക്കാത്ത സ്ഥിതിയായിലായിരുന്നതിനെതുടർന്ന് സാമുഹിക പ്രവർത്തകനായ കെ എം സൗലത്ത് അഹമ്മദ് മുഖേന നഗരസഭ ചെയർപേഴ്സൺ, ഫയർഫോഴ്സ് എന്നിവരെ വിവരം അറിയിച്ചു. മൃഗ ഡോക്ടറുടെ നിർദ്ദേശ പ്രകാരം പ്രാഥമിക ശ്രുശൂഷ നൽകിയതായി ഫയർ സ്റ്റേഷൻ ഓഫീസർ സിപി ആനന്ദൻ പറഞ്ഞു. നടക്കാൻ സാധിക്കാത്ത സ്ഥിതിയായതിനാൽ നായയ്ക്ക് തുടർ ചികിത്സ നൽകാനുള്ള നടപടി സ്വീകരിച്ചതായും, രക്ഷാപ്രവർ ത്തനത്തിന് നേതൃത്വം നൽകിയ സിറാജുദ്ദീനെ അഭനന്ദിക്കുന്നതായും അദ്ദേഹം അറിയിച്ചു.


