കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ജില്ലാതല ഉദ്ഘാടനം കാപ്പാട് ബീച്ചിൽ കെ.ദാസൻ എം.എൽ.എ വൃക്ഷതൈ നട്ട് നിർവഹിച്ചു. ജില്ലാ സാമൂഹിക വനവൽക്കരണ വിഭാഗം ഇത്തവണ ജില്ലയിലേക്കായി 3 ലക്ഷത്തി മുപ്പത്തി മൂവായിരം തൈകളാണ് ഉത്പാദിപ്പിച്ചത്. ഇതിൽ 35 ശതമാനത്തോളം ഫല വൃക്ഷ തൈകളാണ്.
ആകെ വൃക്ഷ തൈകളിൽ 81% ത്തോളം ജില്ലയിലെ കോർപ്പറേഷൻ, നഗരസഭകൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവ വഴി സൗജന്യമായി വിതരണം ചെയ്യാനായി ഇതിനകം നൽകി കഴിഞ്ഞു. ബാക്കിയുള്ളവ വിവിധ സന്നദ്ധ സംഘടനകൾക്കും, ക്ലബ്ബുകൾക്കും സാമൂഹ്യ രാഷ്ട്രീയ സംഘടനകൾക്കുമായി വിതരണം ചെയ്തു. കാപ്പാട് ബീച്ച് ആഗോള ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷന് വേണ്ടി ഒരുങ്ങി കൊണ്ടിരിക്കുകയാണ്. അതിൻ്റെ ഭാഗമായി തന്നെ ഈ കേന്ദ്രത്തിൽ വൃക്ഷ തൈകൾ വച്ചു പിടിപ്പിച്ച് മനോഹരമാക്കാനും പദ്ധതിയുണ്ട്. തിരുവങ്ങൂർ മുതൽ കാപ്പാട് വരെയുള്ള റോഡിന് ഇരുവശവും മനോഹരമായി വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുന്ന പ്രവൃത്തിക്കും ഇവിടെ തുടക്കമാകും. ജൂലൈ 1 മുതൽ 7 വരെ നടക്കുന്ന വന മഹോത്സവംവരെ ഈ പരിപാടികൾ നീണ്ടു നിൽക്കും.
ചടങ്ങിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻകോട്ട്, വാർഡ് കൗൺസിലർ ഹഫ്സ മനാഫ്, കോഴിക്കോട് സബ് കലക്ടർ പ്രിയങ്ക ഐ.എ.എസ്, ഫോറസ്റ്റ് വിജിലൻസ് വിഭാഗം കൺസർവേറ്റർ ആടൽ അരശൻ, ഫ്ലൈയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ പി. ധനേഷ് കുമാർ, ഡി.ടി.പി.സി സെക്രട്ടറി ബീന, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ജോഷിൽ മറ്റ് സാമൂഹ്യ വനവൽക്കരണ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
