എയിംസ് സ്ഥാപിക്കുന്നതിനു അനുയോജ്യമാണെന്നു കണ്ടെത്തിയ കിനാലൂരിലെ കെഎസ്ഐഡിസിയുടെ കൈവശമുള്ള സ്ഥലത്ത് സർവേ തുടങ്ങി.150 ഏക്കർ സ്ഥലമാണ് സംസ്ഥാന സർക്കാർ എയിംസിനു വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാന സർക്കാരിന്റെ ഉന്നതതല സംഘങ്ങൾ കിനാലൂർ സന്ദർശിച്ചിരുന്നു. ഇതേ തുടർന്നാണ് സർക്കാർ നിർദേശ പ്രകാരം ബുധനാഴ്ച സർവേ നടപടികൾ തുടങ്ങിയത്. ഉഷ സ്കൂൾ പരിസരത്ത് നിന്ന് കാറ്റാടി കുറുമ്പൊയിൽ ഭാഗത്തേക്കാണ് സർവേ നടത്തുന്നത്. നിർദിഷ്ട സ്ഥലം കാടുമൂടിയതു കാരണം സർവേ ദുഷ്കരമാണ്. കാടുവെട്ടിത്തെളിച്ച് സർവേ നടപടികൾ ഇന്നും തുടരും.എയിംസ് പോലെ ഉള്ള വലിയ സ്ഥാപനങ്ങൾ അനുവദിക്കുമ്പോൾ ആ സ്ഥലത്തേക്കുള്ള യാത്രാസൗകര്യങ്ങൾ വളരെ പ്രാധാന്യമുള്ളതാണ്. നിലവിൽ നല്ല റോഡ് കിനാലൂരിലേക്ക് ഉണ്ട്. വട്ടോളിയിൽ നിന്നും ഏകരൂലിൽ നിന്നുമുള്ള റോഡുകൾ സംസ്ഥാന പാതയിൽ നിന്നും കിനാലൂരിലേക്ക് വഴി തുറക്കുന്നു. കിനാലൂരിന്റെ ഇരുപത്തിയഞ്ച് കിലോമീറ്റർ ചുറ്റളവിൽ രണ്ടു ദേശീയ പാതകളും നാല് സംസ്ഥാന പാതകളും ഉണ്ട്. (കൊയിലാണ്ടി-എടവണ്ണ SH34 – 3km അകലെ, ബാംഗ്ളൂരേക്കുള്ള NH766 -13 കിമീ അകലെ, കോഴിക്കോട്-കുറ്റിയാടി SH38 – 13km അകലെ(ഭാരത് മാല പ്രൊജക്ടിൽ നാഷണൽ ഹൈവേ ആയി മാറാൻ സാധ്യത), കാപ്പാട്-തുഷാരഗിരി SH68 – 7km അകലെ, മലയോരഹൈവേSH59 – 8km അകലെ, മംഗലാപുത്തേക്കുള്ളNH66- 22km അകലെ. 22 കിമി അകലെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ, 30 കിമി അകലെ കോഴിക്കോട് റയിൽവേ സ്റ്റേഷൻ. 53 കിമി അകലെയാണ് കോഴിക്കോട് എയർപോർട്ട്. 80 കിമി അകലെ കണ്ണൂർ എയർപോർട്ടും. കണ്ണൂർ എയർപോർട്ടിലേക്കുള്ള ദൂരം മലയോരഹൈവേ പൂർത്തിയാവുന്നതോടെ ഇനിയും കുറയും. എന്നിരുന്നാലും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും അങ്ങോട്ടുള്ള റോഡ് കണക്ടിവിറ്റി വിപുലമാക്കണം. രണ്ടു പ്രധാന നാഷണൽ ഹൈവേകളെ ബന്ധിപ്പിക്കുന്ന കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാത വികസനം തുടങ്ങിക്കഴിഞ്ഞു. കോഴിക്കോട്-ബാലുശ്ശേരി റോഡ് വികസനം സ്ഥലമേറ്റെടുപ്പ് നടപടികളിലേക്ക് കടന്നിട്ടുണ്ട്. മലയോര ഹൈവേ കോഴിക്കോട് ജില്ലയിൽ നിലവിൽ അൽപ്പം പിന്നോക്കം പോയിരുന്നു. അതും കൂടുതൽ വേഗത്തിലാകുമെന്ന് പ്രത്യാശിക്കാം. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ മെയിൻ ലൈൻ കടന്നുപോകുന്നതിനാൽ ജലലഭ്യതയ്ക്കും പ്രയാസമില്ല. പവർ സ്റ്റേഷനും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
