ദില്ലി: സുപ്രീം കോടതി ചരിത്രം ഓരോന്നായി തിരുത്തി കുറിച്ചിരിക്കുകയാണ്. പരമോന്നത നീതി പീഠത്തില്‍ ആദ്യമായി ഒരു വനിത ചീഫ് ജസ്റ്റിസായി വരുമെന്ന് ഉറപ്പായിരിക്കുകയാണ്. 2027ല്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി പരിഗണിക്കുന്നവരില്‍ ജസ്റ്റിസ് ബിവി നാഗരത്‌നയും ഉള്‍പ്പെട്ടിരിക്കുകയാണ്. സുപ്രീം കോടതി കൊളീജിയം ഒമ്ബത് ജഡ്ജിമാരുടെ പേരാണ് വിവിധ ഹൈക്കോടതികളില്‍ നിന്ന് സുപ്രീം കോടതിയിലേക്ക് നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജാണ് ബിവി നാഗരത്‌ന. 2008ല്‍ കര്‍ണാടക ഹൈക്കോടതിയില്‍ അഡീഷമല്‍ ജഡ്ജായിട്ടായിരുന്നു നാഗരത്‌നയുടെ നിയമനം. രണ്ട് വര്‍ഷത്തിന് ശേഷം സ്ഥിരം ജഡ്ജായും നിയമനം വന്നു.

സുപ്രീം കോടതി കൊളീജിയം നിര്‍ദേശിച്ചവരില്‍ മൂന്ന വനിതകളാണ് ഉള്ളത്. ബെംഗളൂരുവില്‍ അഭിഭാഷകയായിട്ടാണ് നാഗരത്‌ന കരിയര്‍ ആരംഭിക്കുന്നത്. അതേസമയം നാഗരത്‌നയുടെ പിതാവ് ഇഎസ് വെങ്കട്ടരാമയ്യയും സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസായിരുന്നു. 1989ല്‍ ആറ് മാസത്തോളമാണ് അദ്ദേഹം പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസായിരുന്നത്. അതേസമയം കേന്ദ്ര സര്‍ക്കാര്‍ അനുമതിയുണ്ടെങ്കില്‍ 2027ല്‍ നാഗരത്‌ന ചീഫ് ജസ്റ്റിസ് സ്ഥാനത്തെത്തും. ഏകദേശം ഒരുമാസത്തില്‍ അധികം ആ പദവിയില്‍ തുടരുകയും ചെയ്യാം. ജസ്റ്റിസ് ഹിമാ കോഹി, ജസ്റ്റിസ് ബെല ത്രിവേദി എന്നിവരാണ് പട്ടികയിലുള്ള മറ്റ് വനിതാ ജഡ്ജിമാര്‍.


ഇന്ത്യയില്‍ വനിത ചീഫ് ജസ്റ്റിസായി വരണമെന്നത് ദീര്‍ഘകാലമായിട്ടുള്ള ആവശ്യമാണ്. വിരമിക്കലിന് മുമ്ബ് മുന്‍ ചീഫ് ജ്സ്റ്റിസ് എസ്‌എ ബോബ്‌ഡെയുടെ വനിതാ ചീഫ് ജസ്റ്റിസ് എന്ന ആവശ്യം ഉന്നയിച്ചിരുന്നു. സ്ത്രീകളുടെ താല്‍പര്യം കോടതി പരിഗണിക്കും. ഇതൊരിക്കലും മാറില്ല. മികച്ചവര്‍ വന്നാല്‍ ആ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നും ബോബ്‌ഡെ പറഞ്ഞു. ചീഫ് ജസ്റ്റിസ് രമണയും വനിത പരമോന്നത കോടതിയുടെ തലപ്പത്ത് വരണമെന്നും പറഞ്ഞിരുന്നു. ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് ജെകെ മഹേശ്വരി, ജസ്റ്റിസ് സിടി രവികുമാര്‍, ജസ്റ്റിസ് എംഎം സുന്ദരേഷ് എന്നിവരെയാണ് കൊളീജിയം ശുപാര്‍ശ ചെയ്ത മറ്റുള്ളവര്‍.


നാഗരത്‌ന കര്‍ണാടക ഹൈക്കോടതിയില്‍ വളരെ പ്രഗല്‍ബയായ ജഡ്ജി കൂടിയായിരുന്നു. 2009 നവംബറില്‍ അവരെയും മറ്റ് രണ്ട് ജഡ്ജിമാരെയും അഭിഭാഷകര്‍ കോടതി മുറിയില്‍ പൂട്ടിയിട്ടിരുന്നു. എന്നാല്‍ അവര്‍ അന്ന് പറഞ്ഞ വാചകങ്ങള്‍ വളരെ പക്വതയോടെയായിരുന്നു. ഞങ്ങള്‍ പ്രതിഷേധിക്കുന്ന അഭിഭാഷകരോട് ദേഷ്യപ്പെടുന്നില്ല. പക്ഷേ ഞങ്ങള്‍ ദു:ഖത്തിലാണ്. അഭിഭാഷകര്‍ ഞങ്ങളോട് ഇത് ചെയ്തല്ലോ എന്നോര്‍ത്താണ് സങ്കടം. നാണക്കേട് കൊണ്ട് ഞങ്ങളുടെ തലകുനിയുകയാണെന്നും നാഗരത്‌ന പറഞ്ഞു. 2012ല്‍ മാധ്യമങ്ങളെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും നാഗരത്‌ന പറഞ്ഞിരുന്നു. വാര്‍ത്തകള്‍ സത്യസന്ധമായി നല്‍കണം. എന്നാല്‍ ബ്രേക്കിംഗ് ന്യൂസ് ഫ്‌ളാഷ് ന്യൂസ് പോലെ വാര്‍ത്തകളെ സെന്‍സേഷനാക്കി മാറ്റുന്നത് നിയന്ത്രിക്കണമെന്നും അവര്‍ പറഞ്ഞിരുന്നു.

