KOYILANDY DIARY

The Perfect News Portal

ചില്‍ഡ്രന്‍സ് ഹോമുകൾ കൂടുതല്‍ ശിശു സൗഹൃദമാക്കും: വീണാ ജോര്‍ജ്

സംസ്ഥാനത്തെ എല്ലാ ചില്‍ഡ്രന്‍സ് ഹോമുകളും കൂടുതല്‍ ശിശു സൗഹൃദമാക്കുമെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഥാപനത്തിലെ കുട്ടികളുടെ ക്ഷേമം ഉറപ്പാക്കി മുഖ്യധാരയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വനിത ശിശുവികസന വകുപ്പിൻ്റെ കീഴില്‍ ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികള്‍ക്കായി 16 ചില്‍ഡ്രന്‍സ് ഹോമുകളും നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ക്കായി 8 ഒബ്‌സര്‍വേഷന്‍ ഹോമുകളും 2 സ്‌പെഷ്യല്‍ ഹോമുകളും ഒരു പ്ലേസ് ഓഫ് സേഫ്റ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെല്ലാം തന്നെ ഘട്ടംഘട്ടമായി കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതാണ്.

അടുത്ത ഘട്ടത്തില്‍ മലപ്പുറം, പത്തനംതിട്ട ഹോമുകള്‍ കൂടുതല്‍ ശിശുസൗഹൃദമാക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ശിശു സൗഹൃദമാക്കി നവീകരിച്ച തിരുവന്തപുരം പൂജപ്പുര ആണ്‍കുട്ടികളുടെ ഗവ. ചില്‍ഡ്രന്‍സ് ഹോമിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികള്‍ക്ക് ശാരീരിക മാനസിക വികാസത്തിന് ഊന്നല്‍ നല്‍കി ശിശു സൗഹാര്‍ദപരമായ രീതിയിലാണ് 84 ലക്ഷം രൂപ ചെലവഴിച്ച്‌ പൂജപ്പുര ചില്‍ഡ്രന്‍സ് ഹോം പ്രവര്‍ത്തനസജ്ജമാക്കിയിരിക്കുന്നത്. ചില്‍ഡ്രന്‍സ് ഹോമുകളെ ശിശുസൗഹൃദമാക്കുന്നതിന്റെ ആദ്യഘട്ടമായാണ് തിരുവനന്തപുരം ചില്‍ഡ്രന്‍സ് ഹോമിനെ തെരഞ്ഞടുത്തതെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസം, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ നന്ദിയും രേഖപ്പെടുത്തി. ജെ.ജെ.ബി. മെമ്ബര്‍ പ്രൊഫ. വി.എം. സുനന്ദകുമാരി, സി.ഡബ്ല്യു.സി. മെമ്ബര്‍ സീതമ്മ, ഐ.സി.പി.എസ്. പ്രോഗ്രാം മാനേജര്‍ വി.എസ്. വേണു, ജില്ലാ വനിത ശിശുവികസന ഓഫീസര്‍ സബീന ബീഗം, ജില്ലാ ശിശുവികസന ഓഫീസര്‍ ചിത്രലേഖ, ഹോം സൂപ്രണ്ട് ഷീജ എന്നിവര്‍ പങ്കെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *