വിള ഇന്‍ഷൂറന്‍സ് പരിരക്ഷ ആനുകൂല്യം വിതരണം ചെയ്തു
കൊയിലാണ്ടി: ഓപ്പറേഷന്‍ വെളിയന്നൂര്‍ ചല്ലിയുടെ ഭാഗമായുള്ള വിള ഇന്‍ഷൂറന്‍സ് പരിരക്ഷ ആനുകൂല്യം വിതരണം ചെയ്തു. മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നാല് കമ്മിറ്റികള്‍ക്കായി 16, 43600 രൂപയാണ് ആനുകൂല്യമായി ലഭിച്ചത്. അരിക്കുളം, കീഴരിയൂര്‍ ഗ്രാമപഞ്ചായത്തുകളിലും നഗരസഭയിലുമായി നാല് പതിറ്റാണ്ട് തരിശായി കിടന്ന വെളിയന്നൂര്‍ ചല്ലിയില്‍ പ്രദേശവാസികള്‍ ഷെയറായി തുകകള്‍ പിരിച്ച് നാല് കമ്മിറ്റികളായി കൃഷി ഇറക്കിയ കര്‍ഷകര്‍ക്ക് പ്രളയാനന്തരം നഷ്ടം സംഭവിച്ചപ്പോള്‍ സര്‍ക്കാറില്‍ നിന്നും ലഭിക്കേണ്ടിയിരുന്ന ഇന്‍ഷൂറന്‍സ് പരിരക്ഷ സാങ്കേതിക പ്രശ്‌നങ്ങളാല്‍ തടസ്സപ്പെട്ടതായിരുന്നു. എന്നാല്‍ മന്ത്രിമാരായ സുനില്‍ കുമാര്‍, ടി.പി. രാമകൃഷ്ണന്‍, കെ. ദാസന്‍ എം.എല്‍.എ എന്നിവരുടെ ശ്രമഫലമായി സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ ആനുകൂല്യം അനുവദിക്കുകയായിരുന്നു.
അരിക്കുളം കൃഷി ഭവനില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രാധ അധ്യക്ഷത വഹിച്ചു. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗോപാലന്‍ നായര്‍, ജില്ലാപഞ്ചായത്തംഗം ശാലിനി ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ.എം. ജാനു, നഗരസഭാംഗം ജയാമുരളീധരന്‍, അരിക്കുളം പഞ്ചായത്തംഗങ്ങളായ എം.എം. ബിനു, എം.കെ. റീത്ത, കോര്‍ഡിനേറ്റര്‍ സി. അശ്വനീദേവ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബിന്ദു രാജന്‍, കൃഷി ഡെ.ഡയരക്ടര്‍ പി. ഡോളി, കൃഷി ഓഫീസര്‍മാരായ ജ്യോതി സി. ജോര്‍ജ്ജ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ സി. പ്രഭാകരന്‍, സി. ബിജു, അഷ്‌റഫ് വള്ളോട്ട്, സുകുമാരന്‍ കിടാവ് എന്നിവര്‍ സംസാരിച്ചു.

