പടക്ക നിർമ്മാണ ശാലക്ക് തീപിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്
പയ്യന്നൂര്‍: എടാട്ട് പടക്കശാലക്ക് തീപിടിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. വിജയന് എന്നയാളുടെ ഉടമസ്ഥതയിലുള്ള പടക്ക നിര്‍മാണ ശാലക്കാണ് തീ പിടിച്ചത്. പരിക്കേറ്റ പയ്യന്നൂര്‍ സ്വദേശിനി ചന്ദ്രമതിയെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
സ്ഫോടനത്തില്‍ പടക്കനിര്‍മാണ ഷെഡ് പൂര്‍ണമായും തകര്‍ന്നു. തൊട്ടടുത്തുണ്ടായിരുന്ന കെട്ടിടത്തിന് ഭാഗികമായി കേടുപാട് സംഭവിച്ചു. പയ്യന്നൂരില്‍നിന്ന് സ്റ്റേഷന് ഓഫിസര്‍ പി.വി. പവിത്രെന്റ നേതൃത്വത്തില്‍ എത്തിയ അഗ്നിരക്ഷസേന തീ നിയന്ത്രണ വിധേയമാക്കി. കോവിഡ് കാരണം പടക്കനിര്‍മാണം പഴയതുപോലെ വ്യാപകമല്ലാതിരുന്നത് വന്‍ദുരന്തം വഴിമാറാന്‍ കാരണമായി. തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനം കഴിയുകയും ഉത്സവാഘോഷങ്ങള്‍ കുറഞ്ഞതും കാരണം അധികം പടക്കം സ്റ്റോക്കുണ്ടായിരുന്നില്ല. ഇതും ദുരന്തതീവ്രത കുറച്ചു.

തീയണക്കാന്‍ പയ്യന്നൂര്‍ അഗ്നിരക്ഷ സേനയിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ പി. വിജയന്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ ഇ.ടി. സന്തോഷ്കുമാര്‍, കെ.എച്ച്. അഖില്‍ദാസ്, എസ്. ഷിബിന്‍, ജിജേഷ് രാജഗോപാല്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ പി.വി. ലതേഷ്, കെ.വി. രാജീവന്, ഹോം ഗാര്‍ഡ് കെ.സി. ഗോപാലന് എന്നിവര്‍ നേതൃത്വം നല്കി.

