KOYILANDY DIARY.COM

The Perfect News Portal

നാദാപുരം ടി.ഐ.എം. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൂര്‍വവിദ്യാര്‍ഥിനികളുടെ ഓര്‍മച്ചെപ്പ്

നാദാപുരം: വര്‍ഷങ്ങള്‍ക്കുമുമ്പ്‌ പടിയിറങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന പഠിതാക്കള്‍ ഒര്‍മകള്‍ പങ്കുവെക്കാന്‍ പഴയ വിദ്യാലയമുറ്റത്തെത്തി. ജില്ലയിലെ ആദ്യ പെണ്‍പള്ളിക്കൂടങ്ങളില്‍ ഒന്നായ നാദാപുരം ടി.ഐ.എം. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് പൂര്‍വവിദ്യാര്‍ഥിനികളുടെ സംഗമം നടന്നത്.

ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയിലും നൂറുമേനിയുടെ മികച്ച വിജയവുമായി ജില്ലയില്‍ ടി.ഐ.എം. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്നാമതെത്തിയിരുന്നു. 1979- മുതല്‍ 2000-വരെ ബാച്ചുകളിലെ പഠിതാക്കളാണ് സ്കൂളില്‍ നടന്ന ‘ഓര്‍മച്ചെപ്പ്’ പരിപാടിയില്‍ പങ്കാളികളായത്. അവരില്‍ ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അധ്യാപകര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികള്‍ തുടങ്ങി വീട്ടമ്മമാര്‍ വരെയുണ്ട്. ഗവേഷണ വിദ്യാര്‍ഥികളും പ്രവാസികളും ബിസിനസുകാരും ഉള്‍പ്പെടെയുള്ള പൂര്‍വ വിദ്യാര്‍ഥിനികളും സംഗമത്തിനെത്തി.

അലംനി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ ഹൈടെക് ആക്കുന്നതിന്റെ ആദ്യഘട്ട പ്രവൃത്തി പൂര്‍ത്തിയാക്കിയ ശേഷമാണ് സംഗമം നടന്നത്. ആടിയും പാടിയും ഒപ്പനയും തിരുവാതിരയും കളിച്ചും പ്രായംമറന്ന് പഴയ പഠിതാക്കള്‍ സംഗമത്തില്‍ ഒരുമിച്ചു. സ്കൂളിന്റെ പ്രാരംഭത്തില്‍ ഉണ്ടായിരുന്ന ജീവിച്ചിരിക്കുന്ന പ്രധാനാധ്യാപകരെയും അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു.

Advertisements

ഓര്‍മച്ചെപ്പിന്റെ ഉദ്ഘാടനം പ്രമുഖ സാഹിത്യകാരി ഡോക്ടര്‍ ഷബ്നം നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് സാബിദ ജി.പി. അധ്യക്ഷത വഹിച്ചു. സിനിമാഗാന രചയിതാവ് രമേശ് കാവില്‍ മുഖ്യപ്രഭാഷണം നടത്തി. നാദാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സഫീറ ഉപഹാരസമര്‍പ്പണം നടത്തി. സൂപ്പി നരിക്കാട്ടേരി, ടി.ഐ.എം. സെക്രട്ടറി വി.സി. ഇഖ്ബാല്‍, മാനേജര്‍ മുഹമ്മദ് ബംഗ്ലത്ത്, ഹെഡ്മാസ്റ്റര്‍ ഇ. സിദ്ദീഖ്, പി.ടി.എ. പ്രസി. നാസര്‍ എടച്ചേരി, സി.കെ. അബ്ദുല്‍ ഗഫൂര്‍, കരയത്ത് ഹമീദ് ഹാജി, നരിക്കോള്‍ ഹമീദ് ഹാജി, റൈഹാന വെളിയമ്മല്‍, സക്കീന കോമത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

മെഡിക്കല്‍ എന്‍ട്രന്‍സില്‍ ടി.ഐ.എം. ഗേള്‍സ് സ്കൂളില്‍നിന്ന് റാങ്ക് നേടിയ റിയ ഫാത്തിമയ്ക്ക് പൂര്‍വവിദ്യാര്‍ഥിനികള്‍ ഉപഹാരം നല്‍കി.

Share news

Leave a Reply

Your email address will not be published. Required fields are marked *