KOYILANDY DIARY

The Perfect News Portal

ടോണി മാത്യു മരിച്ചത് വെടിയേറ്റിട്ടാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി> തട്ടേക്കാട് വനത്തില്‍ നായാട്ട് സംഘത്തില്‍ പെട്ട ടോണി മാത്യു മരിച്ചത് വെടിയേറ്റിട്ടാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ടോണിയുടെ ശരീരത്തില്‍നിന്നും വെടിയുണ്ടയും കണ്ടെത്തി. ആനയുടെ ചവിട്ടേറ്റാണ് മരിച്ചതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആദ്യം പറഞ്ഞിരുന്നത്. ടോണി മാത്യുവിന്റെ തുടയില്‍ വെടിയുണ്ട തുളച്ചുകയറിയതായി ഇന്നലെ തന്നെ പൊലീസ് പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ യുവാവിന്റേത് കൊലപാതകമാണെന്ന നിഗമനത്തിലേക്കാണ് പൊലീസ് എത്തുന്നത്.

വഴുതനപ്പിള്ളി സ്വദേശി ടോണി മാത്യു(26)വിനെ ബുധനാഴ്ച രാത്രിയാണ് തട്ടേക്കാട് വനത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവം നായാട്ടിനിടെ ആനയുടെ ചവിട്ടേറ്റാണെന്നു ഇന്നലെ വനം വകുപ്പ് പറഞ്ഞിരുന്നു. സ്ഥലത്തു നടത്തിയ തെളിവെടുപ്പിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയിരുന്നത്. കൊല്ലപ്പെട്ട ടോണി മാത്യുവും സംഘവും കാട്ടില്‍ നായാട്ടു നടത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നെന്നാണ് വനം വകുപ്പ് പറഞ്ഞിരുന്നത്.

നായാട്ടിനായി കൊണ്ടു വന്ന തോക്കും കത്തിയും ടോര്‍ച്ചും ബാഗും സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയിരുന്നു.  ടോണിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബേസില്‍ തങ്കച്ചനും കുത്തേറ്റിരുന്നു. ഇയാളുടെ പരുക്ക് ഗുരുതരമാണ്. നായാട്ടു സംഘത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ ആളുകള്‍ക്കായി വനപാലകരും പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *