KOYILANDY DIARY.COM

The Perfect News Portal

ചാക്കുകളില്‍നിറച്ച മാലിന്യവുമായെത്തിയ പിക്കപ്പ് ലോറി നാട്ടുകാര്‍ പിടികൂടി

മാവൂര്‍: മാവൂരില്‍ ചാക്കുകളില്‍നിറച്ച മാലിന്യവുമായെത്തിയ പിക്കപ്പ് ലോറി നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. മാലിന്യവണ്ടിയിലുണ്ടായിരുന്ന കോയമ്പത്തൂര്‍ സ്വദേശികളായ റഫീഖ്, ഷറഫുദ്ദീന്‍ എന്നിവര്‍ പോലീസിനെയും നാട്ടുകാരെയും വെട്ടിച്ച്‌ സ്ഥലംവിട്ടു.

തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് മാവൂര്‍ ചിറക്കല്‍ത്താഴ-വാവാട്ടുപാറ റോഡില്‍ പിക്കപ്പ് വാൻ
കയറ്റം കയറാനാകാതെ നിന്നുപോയത്. വണ്ടി ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ക്കിത് എന്തോ മാലിന്യമാണെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി പോലീസില്‍ വിവരമറിയിച്ചു. ചോദ്യംചെയ്തപ്പോള്‍ ഡ്രൈവറും മാലിന്യം ലേലം കൊണ്ടവരും നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യം തോന്നി.

നാട്ടുകാരുടെയും മറ്റും സഹായത്തോടെ വണ്ടി മാവൂര്‍ സ്റ്റേഷനിലെത്തിച്ചു. ഡ്രൈവറെ കസ്റ്റഡിയിലെടുത്തെങ്കിലും മറ്റു രണ്ടുപേരും സ്ഥലംവിട്ടു. ചൊവ്വാഴ്ച നടത്തിയ ചോദ്യംചെയ്യലില്‍ മാലിന്യം പാലക്കാട് ജില്ലയിലെ പട്ടാമ്പി
ബ്ലോക്കില്‍പെട്ട ഓങ്ങല്ലൂരില്‍ നിന്ന് കൊണ്ടുവരികയാണെന്നും വണ്ടിയിലുണ്ടായിരുന്ന കോയമ്പത്തൂര്‍ സ്വദേശികളായ റഫീഖും ഷറഫുദ്ദീനും വാടകയ്ക്ക് വിളിച്ചതാണെന്നും ഡ്രൈവര്‍പറഞ്ഞു.

Advertisements

ഓങ്ങല്ലൂരില്‍ നടക്കുന്ന ശുചീകരണയഞ്ജത്തിന്റെ ഭാഗമായി ശേഖരിച്ച മാലിന്യം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തള്ളാനായി ലേലം കൊണ്ടവരാണ് കോയമ്ബത്തൂര്‍ സ്വദേശികള്‍.  പിടികൂടിയമാലിന്യം കൃത്യമായി തുറന്നു പരിശോധിക്കണമെന്ന് പഞ്ചായത്തധികൃതര്‍ ശഠിച്ചതോടെ പോലീസ് ചാക്കുകളഴിച്ച്‌ പരിശോധിച്ചു. ആക്രിക്കടയിലേതും ടയര്‍ റീസോളിങ് കേന്ദ്രങ്ങളിലേതടക്കമുള്ള മാലിന്യമായിരുന്നു ചാക്കുകളില്‍.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് വളപ്പില്‍ റസാഖ്, സ്ഥിരം സമിതി ചെയര്‍മാന്‍ കെ. ഉസ്മാന്‍, കെ. അനൂപ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാലിന്യം പിടികൂടി പോലീസിലേല്പിച്ചത്. ഡ്രൈവര്‍ ഇ.കെ. അലി ഓങ്ങല്ലൂരിനെതിരേ കേസെടുത്ത് ജാമ്യത്തില്‍വിട്ടു. മാലിന്യം കൊണ്ടുവന്ന വണ്ടിക്കാരനോട് ഗ്രാമപ്പഞ്ചായത്ത് പിഴ ഈടാക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *