ചക്കിട്ടപാറ പഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ ഗ്രാമമായി പ്രഖ്യാപിച്ചു
ചക്കിട്ടപാറ: സമ്പൂർണ വൈഫൈ സൗകര്യമൊരുക്കിയും ഡിജിറ്റൽ പഠനോപകരണ സംവിധാനങ്ങൾ ലഭ്യമാക്കിയും ചക്കിട്ടപാറ പഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ ഗ്രാമമായി പ്രഖ്യാപിച്ചു. പഞ്ചായത്ത് ഭരണസമിതി ബഹുജനങ്ങളിൽനിന്ന് സമാഹരിച്ച 15 ലക്ഷം രൂപ കൊണ്ടാണ് സമഗ്രം പദ്ധതിയിൽ ഡിജിറ്റൽ സൗകര്യമൊരുക്കിയത്. എല്ലാ ട്രൈബൽ കോളനിയിലും ഹൈസ്പീഡ് ഇന്റർനെറ്റ് സൗകര്യമെത്തിച്ചു. 189 വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണും നൽകി. ടി.പി. രാമകൃഷ്ണൻ എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ പഠനോപകരണ വിതരണവും അദ്ദേഹം നിർവഹിച്ചു.

സമ്പൂർണ വൈഫൈ ഗ്രാമ പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ എൻ.പി. ബാബു നിർവഹിച്ചു. പി.ജി.ക്ക് പഠിക്കുന്ന 22 വിദ്യാർഥികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ലാപ്ടോപ്പുകൾ വിതരണം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ഇ.എം. ശ്രീജിത്ത്, സി.കെ. ശശി, ബിന്ദു വത്സൻ, എ.ഇ.ഒ. ലത്തീഫ് കരയത്തൊടി, ബി.പി.സി. വി.പി. നിത, ഷീന നാരായണൻ, പി.പി. രഘുനാഥ്, ജിതേഷ് മുതുക്കാട്, പള്ളുരുത്തി ജോസഫ്, ബേബി കാപ്പുകാട്ടിൽ, ആവള ഹമീദ്, വി.വി. കുഞ്ഞിക്കണ്ണൻ, ബിജു ചെറുവത്തൂർ, ഷിബുജോർജ് എന്നിവർ സംസാരിച്ചു.


