കോവിഡ് വ്യാപനം: ജില്ലയിൽ 12 പഞ്ചായത്തുകളിൽ നിരോധനാജ്ഞ (144)
കോഴിക്കോട്: ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് വർദ്ധിച്ച കോഴിക്കോട് ജില്ലയിലെ 12 പഞ്ചായത്തുകളിൽ 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആർ) കൂടുതലുള്ള കുരുവട്ടൂർ, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, അരിക്കുളം, കായണ്ണ, ചക്കിട്ടപാറ, പെരുമണ്ണ, വേളം, ചേളന്നൂർ, തലക്കുളത്തൂർ, ഏറാമല, ഒളവണ്ണ എന്നീ പഞ്ചായത്തുകളിലാണ് 144 പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 25 ശതമാനത്തിനു മുകളിൽ ടി പി ആർ ഉയർന്ന പഞ്ചായത്തുകളാണിവ.

കൊയിലാണ്ടി നഗരസഭയിലും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് വലിയതോതിൽ കുതിച്ചുയരുന്നുണ്ട്. നഗരസഭ പ്രദേശത്ത് കർശന നിയന്ത്രണങ്ങൾ നിലവിലുണ്ട്. കോവിഡ് രോഗ വ്യാപനം തടയുന്നതിന് ആവശ്യമായ കർശന നിയന്ത്രണങ്ങൾ നിരോധനാജ്ഞ നിലിനിൽക്കുന്ന പ്രദേശങ്ങളിൽ നടപ്പാക്കും. ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള പൊതു ഇടങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ കൂട്ടംകൂടരുത്. വിവാഹം, പൊതുചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണവും അഞ്ചായി ചുരുക്കും.




                        
