കൊയിലാണ്ടി പുതിയ ബസ്സ്സ്റ്റാൻ്റിനകത്തെ പൊതു ഇടങ്ങൾ കച്ചവടക്കാർ കൈയ്യേറി: ബസ്സ് യാത്രക്കാർ ദുരിതത്തിൽ

കൊയിലാണ്ടി: പുതിയ ബസ്സ്സ്റ്റാൻ്റിനകത്തെ പൊതു ഇടങ്ങൾ കച്ചവടക്കാർ കൈയ്യേറിയതോടെ യാത്രക്കാർക്ക് നിന്ന് തിരിയാൻ ഇടമില്ലതായി. ബസ്സ് സ്റ്റാൻ്റിൻ്റെ ഇരു ഭാഗങ്ങളിലും കിഴക്ക് ഭാഗത്തും സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങളാണ് യാത്രക്കാരുടെ അവകാശത്തെ കവർന്നെടുത്തത്. സ്റ്റാൻ്റിൻ്റെ ഇരു ഭാഗത്തും സ്ഥാപിച്ചിട്ടുള്ള ഇരിപ്പിടങ്ങൾ പോലും കയ്യേറ്റം രൂക്ഷമായതിൻ്റെ ഭാഗമായി യാത്രക്കാർക്ക് ഉപയോഗിക്കാനാകുന്നില്ലെന്നാണ് പരാതി. ഇതിനെതിരെ ഉദ്യോഗസ്ഥരും ഭരണാധികാരികളും മൗനം പാലിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.
കച്ചവടക്കാർക്ക് മുറികൾ മാത്രാമാണ് വാടകക്ക് കൊടുത്തത്. അതിൻ്റെ മറവിൽ ഷട്ടറിന് പുറത്തേക്ക് മറ്റ് സ്ഥലങ്ങൾകൂടി കൈയ്യേറിയിരിക്കുകയാണ്. ഫ്രൂട്സ്, സ്റ്റേഷനറി, ബേക്കറി, കൂൾബാർ, ബുക്ക് സ്റ്റാൾ, ഫാൻസി എന്നിവയുടെ മുമ്പിലാണ് വലിയതോതിൽ കൈയ്യേറ്റം നടന്നിരിക്കുന്നത്. എല്ലാ സ്ഥാപനങ്ങൾക്ക് മുമ്പിലും ഇരുമ്പ്കൊണ്ട് നിർമ്മിച്ച വലിയ റേക്കുകൾ 2 മീറ്റർ നീളത്തിൽ പുറത്തേക്ക് സ്ഥാപിച്ചിരിക്കുന്ന സ്ഥിതിയിലാണുള്ളത്. കൂടാതെ ബസ്സിൽ നിന്ന് ഇറക്കിവെക്കുന്ന വിവിധ സ്ഥാപനങ്ങളിലേക്കുള്ള പാർസൽ കൂട്ടിയിടുന്നതോടെ നിന്ന് തിരിയാൻ ഇടമില്ലാതെ യാത്രക്കാർ നരകയാതന അനുഭവിക്കുകയാണ്.

ഇതിനെതിരെ നിരവധി പരാതികൾ നഗരസഭക്ക് കിട്ടിയിട്ടുണ്ടെങ്കിലും യാതൊരു നടപടിയും അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നാണ് പറുന്നത്. ദീർഘദൂര യാത്ര ചെയ്യുന്നവർക്കും ബസ്സ് കാത്തിരിക്കുന്നവർക്കും പരസ്യക്കമ്പനിയുടെ സഹായത്തോടെ സമീപ കാലത്ത് ബസ്സ് സ്റ്റാൻ്റിൻ്റെ ഇരു ഭാഗങ്ങളിലും ടെലിവിഷൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് ഇരുന്ന് കാണാനുള്ള സൌകര്യ ഇതോടെ ഇല്ലാതായെന്നാണ് യാത്രക്കാർ പറയുന്നത്.

നഗരസഭ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ക്രമവിരുദ്ധമായി പൊതു സ്ഥലം കൈയ്യേറി കച്ചവടം നടത്തുന്നവർക്കെതിരെ നോട്ടീസ് നൽകി ആവശ്യമായ പ്രോസിക്യൂഷൻ നടപടികൾ കൈക്കൊള്ളണമെന്നും നാട്ടുകാർ കൊയിലാണ്ടി ഡയറി ന്യൂസിനോട് ആവശ്യപ്പെട്ടു.

എന്തിനും പ്രതികരണവുമായി രംഗത്ത് വരുന്ന കൊയിലാണ്ടിയിലെ യുവജന സംഘടനകൾ മൗനം
വെടിഞ്ഞ് യാത്രക്കാരുടെ മൗലികമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ രംഗത്ത് വരണമെന്നും ഇവർ ആവശ്യപ്പെടുന്നു.
കൊയിലാണ്ടി പട്ടണത്തിലെ ഗതാഗതക്കുരുക്ക് DYFI പ്രക്ഷോഭത്തിലേക്ക്
കൊയിലാണ്ടി ബസ്സ്സ്റ്റാന്റിലെ ഫുട്പ്പാത്ത് കൈയ്യേറിയുള്ള കച്ചവടം യാത്രക്കാർക്ക് ദുരിതമാകുന്നു
