KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പട്ടണത്തിലെ ഗതാഗതക്കുരുക്ക് DYFI പ്രക്ഷോഭത്തിലേക്ക്

കൊയിലാണ്ടി.  പട്ടണത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ DYFI പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. അനുിദിനം വികസിച്ച് വരുന്ന കൊയിലാണ്ടി പട്ടണം ഗതാഗത കുരുക്കിൽ വീർപ്പ്മുട്ടുന്നതിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവർ കൊയിലാണ്ടിയെ മറക്കാനിടയില്ല. പലർക്കും അനുഭവങ്ങൾ അത്രയേറെ ഉണ്ടാകും അതിൽ അധികം പേരും കൊയിലാണ്ടിയെ ശപിച്ചിട്ടുണ്ടാകും തീർച്ച. അതാണ് ഇവിടുത്തെ അവസ്ഥ.
കൊയിലാണ്ടിയിലെ ബ്ലോക്കിൽ കുടുങ്ങി മണിക്കൂറുകൾ കാത്തുകഴിയേണ്ടി വന്നവർക്ക് ഒരു പക്ഷെ പലതും നഷ്ട്ടപ്പെട്ടിട്ടുണ്ടാകും എത് എങ്ങിനെയൊക്കെയെന്ന് കൊയിലാണ്ടിക്കാർക്ക് നന്നായി അറിയാം പലതും വാർത്താരൂപേണ പൊതുസമൂഹത്തിൻ്റെ മുന്നിൽ ഇപ്പോഴും ഉണ്ടെന്ന് സാക്ഷ്യം. യാത്രാമധ്യേ എങ്ങനെയെങ്കിലും കൊയിലാണ്ടി കടന്ന് കിട്ടിയാൽ മതിയായിരുന്നുവെന്ന് ചിന്തിക്കാത്തവരും അപൂർവ്വമായിരിക്കും. 
ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവരുടെ തീരാ ദുരിതമാണ് കൊയിലാണ്ടിയിലെ ‘ബ്ലോക്ക്’ 
കേരളത്തിന്റെ ദേശീയപാതാ വികസനമെന്ന സ്വപ്നം യാഥാർത്ഥ്യമാകുമ്പോൾ നിർദ്ദിഷ്ട നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് ദേശീയ പാതയായി മാറും. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആവശ്യങ്ങൾക്കായി പതിനായിരക്കണക്കിന്ന് ജനങ്ങൾ എത്തിച്ചേരുന്നത് കൊയിലാണ്ടി ടൗണിലേക്കാണ്. താലൂക്ക് ആശുപത്രി, സിവിൽ സ്റ്റേഷൻ, പോലീസ് സ്‌റ്റേഷൻ, ട്രഷറി, കോടതി, റയിൽവേ സ്‌റ്റേഷൻ, സ്‌റ്റേഡിയം, ആരാധനാലയങ്ങൾ, തിയേറ്ററുകൾ,നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ ഇതെല്ലാം നിലവിലെ ദേശീയപാത കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഇവിടെ എത്തിച്ചേരുന്ന പതിനായിരങ്ങളെ ഉൾക്കൊള്ളാനുള്ള സൗകര്യം ഇന്ന് കൊയിലാണ്ടി പട്ടണത്തിനില്ല.
കൊയിലാണ്ടി ടൗണിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയും റോഡ് വീതി കൂട്ടി ഇരുഭാഗങ്ങളിലെയും ഫുഡ് പാത്ത് കാൽനട യാത്രക്കാർക്ക് നടന്നു പോകാൻ കഴിയുംവിധം സൗകര്യപ്രദമാക്കി മാറ്റുകയും ചെയ്താൽ മാത്രമേ ഇന്നനുഭവിക്കുന്ന അവസ്ഥയിൽ നിന്ന് കൊയിലാണ്ടിക്ക് മോചിതമാവാൻ കഴിയൂ. എന്നാൽ ജീർണിച്ച പഴയ കെട്ടിടങ്ങളെല്ലാം നിലവിലെ കെട്ടിട നമ്പർ ഉപയോഗിച്ച് മോഡികൂട്ടുന്ന തിരക്കിലാണ് പലരും.  അത്തരം കെട്ടിടങ്ങൾ പൊളിച്ചുമാറ്റി അരങ്ങാടത്ത് മുതൽ ആനക്കുളം വരെ റോഡ് വീതി കൂട്ടണമെന്നും DYFI കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾക്ക് അടുത്ത് യോഗത്തിൽ തീരുമാനമുണ്ടാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
Share news

Leave a Reply

Your email address will not be published. Required fields are marked *