KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ മൂന്നു ജലവിതരണ പദ്ധതികള്‍

കൊയിലാണ്ടി:  നഗരസഭയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ലക്ഷ്യം വെച്ചുള്ള നടേരി വലിയ മല, പന്തലായനി കോട്ടക്കുന്ന്, ടൗണ്‍ പദ്ധതികള്‍ നിര്‍വഹണത്തിലേക്ക്. ഇതിന്റെ ഭാഗമായി ജലവിതരണ കുഴലുകള്‍ ഇറക്കിത്തുടങ്ങി.

സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 85 കോടി രൂപ ചെലവിലാണ് ഈ മൂന്നു കുടിവെള്ളപദ്ധതികള്‍ നടപ്പാക്കുന്നതെന്ന് നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ പറഞ്ഞു. വലിയമലയിലും കോട്ടക്കുന്നിലും 19 ദശലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള ജലസംഭരണിയാണ് നിര്‍മിക്കുന്നത്. വലിയ മലയില്‍ 40 സെന്റ് സ്ഥലവും കോട്ടക്കുന്നില്‍ 35 സെന്റ് സ്ഥലവും കുടിവെള്ള പദ്ധതിക്കായി നഗരസഭ വാട്ടര്‍ അതോറിറ്റിക്ക് കൈമാറി.

ടൗണ്‍ കുടിവെള്ളപദ്ധതി നടപ്പാക്കാന്‍ ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള 50 സെന്റ് സ്ഥലം അനുവദിച്ചുതരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ജപ്പാന്‍ കുടിവെള്ളപദ്ധതിയുടെ ജലവിതരണ കുഴലുമായി ബന്ധിപ്പിച്ച് വലിയ മലയിലേക്കും, അവിടെനിന്ന് കോട്ടക്കുന്നിലേക്കും കൊയിലാണ്ടി ടൗണിലേക്കും വെള്ളം കൊണ്ടുവരാനുള്ള പൈപ്പുകളാണ് ഇപ്പോള്‍ ഇറക്കിയത്. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ജലസംഭരണി നിര്‍മാണത്തിന് 20 കോടി രൂപയുടെ പദ്ധതിക്ക് ടെന്‍ഡര്‍ നല്‍കി. ജലവിതരണ പൈപ്പ് സ്ഥാപിക്കാന്‍ 30 കോടി രൂപയും, ബാക്കി അനുബന്ധ പണികള്‍ക്കായി 35 കോടി രൂപയുമാണ് നീക്കിവെച്ചത്.

Advertisements

വലിയ മലയിലെ കുടിവെള്ളപദ്ധതി നടേരി, കുറുവങ്ങാട് വാര്‍ഡുകളിലുള്ളവര്‍ക്ക് പ്രയോജനമാകും. കോട്ടക്കുന്ന് പദ്ധതി കൊണ്ട് വിയ്യൂര്‍, പന്തലായനി നിവാസികള്‍ക്കും ടൗണ്‍ കുടിവെള്ളപദ്ധതികൊണ്ട് നഗരവാസികള്‍ക്കും തീരദേശ മേഖലയിലുള്ളവര്‍ക്കും ഗുണകരമാകും. വലിയ മല, കോട്ടക്കുന്ന്, ടൗണ്‍ കുടിവെള്ള പദ്ധതികള്‍ നഗരസഭയുടെ മേല്‍നോട്ടത്തിലാണ് നടത്തുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. തുടക്കത്തില്‍ ഉപയോഗപ്പെടുത്തുക ജപ്പാന്‍കുടിവെള്ളം 33 ദശലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള ടാങ്കായിരിക്കും ടൗണ്‍ കുടിവെള്ളപദ്ധതിക്കായി നിര്‍മിക്കുക.

ജപ്പാന്‍ കുടിവെള്ളപദ്ധതിയില്‍നിന്നുള്ള വെള്ളം നടുവണ്ണൂര്‍, ഊരള്ളൂര്‍, ഒറ്റക്കണ്ടം, മൂഴിക്കുമീത്തല്‍വഴി വലിയമലയില്‍ നിര്‍മിക്കുന്ന സംഭരണിയില്‍ എത്തിക്കും. വലിയ മലയിലെ ജല സംഭരണി പ്രധാന ബൂസ്റ്റിങ് കേന്ദ്രമായി മാറ്റും. ഇവിടെനിന്ന് കോട്ടക്കുന്നിലേക്കും, ടൗണ്‍ കുടിവെള്ളപദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന ടാങ്കിലേക്കും വെള്ളം എത്തിക്കാനാണ് പദ്ധതി. പദ്ധതിയുടെ ആദ്യ 20 വര്‍ഷം ജപ്പാന്‍ പദ്ധതിയില്‍നിന്ന് ലഭിക്കുന്ന വെള്ളം ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തിക്കുക. പിന്നീട് ചിറ്റാരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിപ്രദേശത്തു നിന്നുള്ള വെള്ളമുപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *