പകരം ചോദിക്കാനുറച്ച് കര്‍ഷകര്‍; രണ്ടാം ലോങ്ങ് മാര്‍ച്ചിന് തുടക്കം

ഐതിഹാസികമായ നാസിക് കിസാന്‍ മാര്‍ച്ചിന്റെ ചുവടുപിടിച്ച് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ ബുധനാഴ്ച വീണ്ടും വീണ്ടും ലോങ് മാര്‍ച്ച് ആരംഭിച്ചിരിക്കുകയാണ്. കര്‍ഷകരും ആദിവാസികളുമായി ഒരു ലക്ഷത്തോളം കര്‍ഷകരാണ് കഴിഞ്ഞ തവണ ഇതേ പാതയില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. കാര്‍ഷിക കടം എഴുതിത്തള്ളല്‍, കാര്‍ഷീക ഉല്‍പ്പന്നങ്ങള്‍ക്ക് തറവില , കാര്‍ഷീക പെന്‍ഷനും കൃഷിക്കാവശ്യമായ വെള്ളവും ലഭ്യമാക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന മാര്‍ച്ചിനെക്കുറിച്ച് കെഎസ്കെടിയു മങ്കട ഏരിയ കമ്മിറ്റി അംഗം കെ പി നഹാബ് എഴുതുന്നു.
നാല്പതിനായിരം ആളുകള്‍ 200 കിലോമീറ്ററിലേറെ ദൂരം കാല്‍നടയായി പിന്നിട്ട ലോങ്ങ് മാര്‍ച്ചിന്റെ ആവേശം ഇപ്പോഴും മങ്ങാതെ നില്‍ക്കുകയാണ്.ഇന്ത്യയിലെ കര്‍ഷക സമര ചരിത്രത്തിലെ ഐതിഹാസിക മുന്നേറ്റമായിരുന്നു കിസാന്‍ ലോങ്ങ് മാര്‍ച്ച്. പ്രക്ഷോഭത്തിന്റെ ഭാഗമായി കര്‍ഷക നേതാക്കളും സര്‍ക്കാരും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ അംഗീകരിച്ച ആവശ്യങ്ങളില്‍ ഒന്നുപോലും നിറവേറ്റുന്നതിന് ഇതുവരെ തയ്യാറായിട്ടില്ല. നല്കിയ ഉറപ്പുകള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ വീണ്ടുമൊരു ലോങ്ങ് മാര്ച് സംഘടിപ്പിക്കുകയാണ്. ഫെബ്രുവരി 20 ന് ആരംഭിക്കുന്ന രണ്ടാം ലോങ്ങ് മാര്ച്, 27 ന് മുംബൈ നഗരത്തില്‍ പ്രവേശിച്ചു നിയമസഭാ മന്ദിരമായ വിധാന്‍ ഭവന് വളയും. ഫെബ്രുവരി 25 മുതല്‍ ബജറ്റ് സമ്മേളനം ചേരുകയാണ്. സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ നേടിയെടുക്കും വരെ സമരം തുടരുമെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു.


2018 മാര്ച് 6 ആം തിയ്യതി മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നും ആരംഭിച്ച ആദ്യ ലോങ്ങ് മാര്ച് 12 ആം തിയ്യതി 200 കിലോമീറ്റര്‍ അകലെ തലസ്ഥാനമായ മുംബയില്‍ എത്തിച്ചേര്‍ന്നു. അഖിലേന്ത്യാ കിസാന്‍ സഭയുടെ(AIKS ) നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ലോങ്ങ് മാര്‍ച്ചില്‍ നാല്പത്തിനായിരത്തോളം കര്‍ഷകരും കര്‍ഷക തൊഴിലാളികളും ഉഴുകിയെത്തി. സ്വാമിനാഥന് റിപ്പോര്‍ട് നടപ്പിലാക്കുക, വനാവകാശ നിയമം നടപ്പാക്കുക, പാല്‍ഘര്‍, താനെ ജില്ലകളിലെ ഗോത്ര വിഭാഗത്തെ പ്രതികൂലമായി ബാധിക്കുന്ന നദീബന്ധന നിര്‍ദ്ദേശം റദ്ദാക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, വിളകള്‍ക്ക് അടിസ്ഥാന താങ്ങുവില ഉറപ്പാക്കുക, അനുമതി കൂടാതെ കൃഷിഭൂമി ഏറ്റെടുക്കുന്നത് അവസാനിപ്പിക്കുക, വാര്‍ധക്യ കാല പെന്ഷന് കാലാനുസൃതമായി വര്‍ധിപ്പിക്കുക, പരുത്തികൃഷി വന്‍നാശം നേരിടുന്ന മേഖലകളില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, മുതലായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ഇന്ത്യയുടെ വാണിജ്യ കേന്ദ്രത്തിലേക്ക് കര്‍ഷക ജനസാമാന്യം നടന്നു കയറിയത്. കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നീണ്ട മൂന്ന് വര്‍ഷ കാലത്തെ പ്രവര്‍ത്തനങ്ങളും താഴെ തലത്തില്‍ വിളിച്ചു ചേര്‍ത്ത യോഗങ്ങളും പരിപാടികളുമാണ് മഹത്തായ ഈ മാര്‍ച്ചിന് അടിത്തറ പാകിയത്.


എന്നാല്‍ ഒന്നാം ലോങ്ങ് മാര്‍ച്ചിന്റെ ഭാഗമായി ഫഡ്നാവിസ് സര്‍ക്കാര്‍ നല്കിയ ഉറപ്പുകളില്‍ യാതൊരു നടപടിയും സ്വീകരിക്കാതെ കര്‍ഷകരെ വഞ്ചിക്കുകയാണ്. സര്‍ക്കാര്‍ ഉറപ്പുനല്‍കിയ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും സംരക്ഷിക്കുന്നതിനും ആയി കര്‍ഷകരും തൊഴിലാളികളും വീണ്ടും തെരുവിലിറങ്ങുകയാണ്. എന്ത് വിലകൊടുത്തും അവകാശങ്ങള്‍ നേടിയെടുത്തേ മടങ്ങൂ എന്ന ദൃഢ നിശ്ചയത്തിലാണവര്‍ ഒരിക്കല്‍ കൂടി ലോങ്ങ് മാര്ച് ചെയ്യുന്നത്. മഹാരാഷ്ട്ര നിയമസഭയില്‍ ഈ സാമ്ബത്തിക വര്‍ഷത്തെ ബജറ്റ് സമ്മേളനം നടക്കുന്ന വേളയിലാണ് മാര്ച് മഹാനഗരത്തില്‍ എത്തിച്ചേരുക. തങ്ങളുടെ ആവശ്യങ്ങള്‍ ഭരണ കര്‍ത്താക്കളുടെയും ബഹുജനങ്ങളുടെയും മാധ്യമങ്ങളുടെയും മുന്നില്‍ അവതരിപ്പിക്കുന്നതിനു ഏറ്റവും നല്ല സമയം ഇതാണെന്ന വിലയിരുത്തലിലാണ് സമരക്കാര്‍.

കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍:
വനാവകാശ നിയമം നടപ്പിലാക്കുക: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നയ-നിലപാടുകള്‍ തിരുത്തണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. ആദിവാസി ഗോത്ര വിഭാഗങ്ങള്‍ക്ക് വനഭൂമിക്കു മേലും വനവിഭവങ്ങള്‍ക്കു മേലുമുള്ള പരമ്ബരാഗത അവകാശങ്ങള്‍ ഉറപ്പു വരുത്തണമെന്നതാണ് ഈ ആവശ്യത്തിന്റെ കാതല്‍. വനാവകാശ നിയമത്തിലെ 3 (1) a പ്രകാരം ആദിവാസി വിഭാഗങ്ങള്‍ക്ക് വനഭൂമിയിലുള്ള അവകാശം കഴിഞ്ഞ വര്‍ഷത്തില്‍ പടിപടിയായി വെട്ടിക്കുറച്ചു. നിയമമനുസരിച് ലഭിക്കേണ്ട 10 ഏക്കര്‍ ഭൂമിയില്‍ നാലില്‍ ഒന്ന് മാത്രമാണ് അനുവദിച്ചത്. തുടര്‍ന്ന് വീണ്ടും അളവില്‍ കുറവ് വരുത്തി വെറും ഒരു ഏക്കറിലേക്കു ക്ലിപ്തപ്പെടുത്തുകയാണ് ഫഡ്നാവിസ് സര്‍ക്കാര്‍ ചെയ്തത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നു വന്നിട്ടുള്ളത്.

സ്വാമിനാഥന് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കുക:
താങ്ങു വില ഉത്പാദന ചിലവിന്റെ 50 % കൂടുതലായി സ്ഥിരപ്പെടുത്തുക എന്ന സ്വാമിനാഥന് കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണം എന്നതാണ് മറ്റൊരു ആവശ്യം. ഉത്പാദന ചിലവിന്റെ പകുതിപോലും വിളകള്‍ക്ക് കമ്ബോളത്തില്‍ ലഭ്യമല്ല. നാഷണല്‍ ക്രൈം ബ്യുറോയുടെ റിപ്പോര്‍ട്ടനുസരിച് 1995 -2015 കാലയളവില്‍ ദാരിദ്രവും കടബാധ്യതയും മൂലം അറുപത്തി അയ്യായിരത്തിലധികം കര്‍ഷകരാണ് മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത്. 2015 നു ശേഷമുള്ള കണക്കുകള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ താങ്ങു വില 150 % ഉയര്‍ത്തിയെന്നു അവകാശപ്പെടുന്നുണ്ടെങ്കിലും ഒരു കര്‍ഷകനും അതിന്റെ ഗുണം ഇതുവരെ ലഭിച്ചിട്ടില്ല. ഉത്പാദന ചിലവ് കണക്കാക്കാന്‍ സ്വാമിനാഥന് കമ്മിറ്റീ നിഷ്കര്‍ഷിച്ച ‘C2 ‘ ഫോര്‍മുല കര്‍ഷകന്റെ ഉടമസ്ഥതയില്‍ ഉള്ള ഭൂമിയുടെയും ഉപകരണങ്ങളുടെയും വാടക കുടി ചേര്‍ത്ത് കൊണ്ടുള്ളതാണ്. പക്ഷെ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകന്റെ ഉടമസ്ഥതയില്‍ ഉള്ള ഭൂമിയുടെയും ഉപകരണങ്ങളുടെയും വാടക ഒഴിവാക്കിയുള്ള A2 +FL ഫോര്‍മുല ആണ് താങ്ങുവില നിശ്ചയിക്കാന്‍ ഉപയോഗിച്ചത്. ഗോതമ്ബിന്റെ ഉത്പാദന ചിലവ് C 2 ഫോര്‍മുല അനുസരിച്ചു ഒരു ക്യിന്റല്ന് 1256 രൂപയാണ് എന്നാല്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്ന A 2 +FL ഫോര്‍മുല പ്രകാരം ഉത്പാദന ചിലവ് വെറും 817 രൂപ മാത്രമാണ്. ചുരുക്കി പറഞ്ഞാല്‍ പുതിയ രീതിയില്‍ പല വിളകള്‍ക്കും താങ്ങു വില മുന്പത്തേക്കാള് കുറഞ്ഞു എന്നതാണ് വസ്തുത. ഇത്തരത്തില്‍ അടിസ്ഥാന താങ്ങുവില എന്ന സങ്കല്‍പ്പം തന്നെ ഇല്ലാതാവുകയാണ് ചെയ്യുന്നത്.

ഭൂമി ഏറ്റെടുക്കല്‍ ബില്ല് റദ്ദാക്കുക:
2015 ല്‍ പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍ ബില്ല് റദ്ദാക്കണമെന്നതാണ് മറ്റൊരു മുഖ്യ ആവശ്യം. കേന്ദ്ര നിയമമനുസരിച് സ്വകാര്യ, വ്യവസായ സംരംഭങ്ങള്‍ക്ക് കൃഷി ഭൂമി ഏറ്റെടുക്കുമ്ബോള്‍ 80 % ഭൂവുടമകളുടെയും അനുമതി വേണമെന്നതായിരുന്നു ചട്ടം. ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് ആവശ്യമായ നഷ്ട പരിഹാരവും നിയമം വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ ഇത് മറികടക്കുന്നതിനായി മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ പുതിയ നിയമം കൊണ്ട് വരികയും കൃഷിഭൂമി വ്യാവസായിക ആവശ്യങ്ങള്‍ക്കായി വന്‍തോതില്‍ ഏറ്റെടുത്തു കൊണ്ടിരിക്കുകയാണ്. വളരെ തുച്ഛമായ നഷ്ട പരിഹാരം മാത്രമാണ് ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നല്‍കുന്നത്. ഇതുമൂലം ആയിരക്കണക്കിന് കര്‍ഷകരുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്.

കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുക:
സംസ്ഥാനത്തെ മുഴുവന്‍ കാര്‍ഷിക കടങ്ങളും (34000 കാര്‍ഷിക വായ്പകള്‍) എഴുതി തള്ളണമെന്ന അടിയന്തിര ആവശ്യം കര്‍ഷകര്‍ക്ക് ആശ്വാസം ലഭിക്കത്തക്ക രീതിയിലല്ല നടപ്പിലാക്കുന്നത്. എന്ന് മാത്രമല്ല ആകെ വായ്പാ തുകയുടെ പകുതിപോലും ഇതുവരെ ഒഴിവാക്കി നല്‍കിയിട്ടില്ല. കൂടാതെ ബാങ്കുകളില്‍ അക്കൗണ്ട് ഇല്ലാത്തതിന്റെ പേരില്‍ നിരവധി പേരെയാണ് ആനുകൂല്യം ലഭിക്കുന്നവരുടെ പട്ടികയില്‍ നിന്നും വെട്ടിക്കളഞ്ഞത്.
ജനങ്ങളെക്കാള്‍ പണത്തിനും കോര്‍പറേറ്റ് താല്പര്യങ്ങള്ക്കും പ്രാധാന്യം നല്കുന്ന ഒരു സര്‍ക്കാരിനെതിരെ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ നടത്തിയ ഐതിഹാസിക പോരാട്ടത്തെയാണ് ലോങ്ങ് മാര്ച് അടയാളപ്പെടുത്തുന്നത്. നല്കിയ ഉറപ്പുകള്‍ ഒന്നുപോലും പാലിക്കാത്ത മഹാരാഷ്ട്രത്തിലെ ബിജെപി സര്‍ക്കാരിന്റെ കൊടും വഞ്ചനക്കു കര്‍ഷകരുടെ ഇച്ഛാ ശക്തി പകരം ചോദിക്കുക തന്നെ ചെയ്യും. വിണ്ടു കീറിയ കാല്പാദങ്ങളിലെ ചോരയുണങ്ങും മുന്‍പ് വീണ്ടുമവര്‍ കൂട്ടം ചേര്‍ന്ന് നടക്കുകയാണ്. ആദ്യത്തേതിലും ആത്മ വിശ്വാസത്തോടെ, അളവറ്റ ആവേശത്തോടെ,. കര്ഷകരെന്തെന്നു രാജ്യം കാണാനിരിക്കുന്നതേയുള്ളൂ, ഒന്നാം ഘട്ടത്തേക്കാള്‍ ഇരട്ടിയിലധികം വര്‍ധിച്ച പങ്കാളിത്തത്തോടെ നടന്നടുക്കുന്ന തൊഴിലാളികളുടെ ആ ഊര്‍ജ്ജപ്രവാഹം കണ്ട് ഭരണ വര്‍ഗ മേലാളന്മാര് കിടിലം കൊള്ളട്ടെ.. വിശ്വാസ വഞ്ചനക്കു തൊഴിലാളി വര്‍ഗം പകരം ചോദിക്കുക തന്നെ ചെയ്യും.
