കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടകളുടെ ആക്രമണം

കൊല്ലം: കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടകളുടെ ആക്രമണം. ചിതറയില്‍ വീട്ടമ്മയെയും മകന്റെ സുഹൃത്തിനെയും തെങ്ങില്‍ കെട്ടിയിട്ട് മര്‍ദിച്ചതായാണ് പരാതി. ഈ മാസം 12ന് രാത്രിയാണ് ഒരു സംഘമാളുകള്‍ ചിതറ സ്വദേശിയായ വീട്ടമ്മയുടെ വീടിന്റെ വാതില്‍ തല്ലിപ്പൊളിച്ച് അകത്തു കയറിയത്. ശേഷം വീട്ടമ്മയെ തറയിലൂടെ വലിച്ചിഴച്ച് രണ്ട് മണിക്കൂറിലേറെ നേരം തെങ്ങില്‍ കെട്ടിയിടുകയായിരുന്നു. 46കാരിയായ വീട്ടമ്മയുടെ മകന്റെ സുഹൃത്തിനെയും ഗുണ്ടകള്‍ മരത്തില്‍ കെട്ടിയിട്ടു. രണ്ട് മണിക്കൂറിലേറെ നേരം കെട്ടിയിട്ട സംഘം തങ്ങളുടെ ചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചെന്നും വീട്ടമ്മ പറഞ്ഞു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തിയപ്പോഴേക്കും അക്രമികള്‍ സ്ഥലം വിട്ടു. സംഭവത്തില്‍ അക്രമികളുട പേര് സഹിതം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് വീട്ടമ്മ പറയുന്നു.

മോഷണത്തിന് വേണ്ടിയാണ് സംഘം തന്നെ ആക്രമിച്ചതെന്നും വീട്ടമ്മ പറഞ്ഞു. കടമായി പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതാണ് തന്നെയും യുവാവിനെയും കെട്ടിയിട്ട് സ്വര്‍ണ്ണാഭരണങ്ങളും പണവും കവരാന്‍ കാരണമെന്നും വീട്ടമ്മ ആരോപിച്ചു. തന്നെ അപമാനിക്കാനാണ് ചിത്രങ്ങളെടുത്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചതെന്നും വീട്ടമ്മ പറഞ്ഞു.

സ്ത്രീധനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഏതാനും വര്‍ഷം മുന്‍പ് ഇവരെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതാണ്. ഏകമകന്‍ ജോലിയുടെ ഭാഗമായി ദൂരെയാണ് താമസം. കൊല്ലം അഴീക്കലില്‍ ഫെബ്രുവരി മാസത്തില്‍ സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തിരുന്നു. പ്രണയദിനത്തില്‍ ബീച്ചിലെത്തിയ യുവാവിനും കൂട്ടുകാരിക്കും നേരെയാണ് സദാചാര ഗുണ്ടകളുടെ ആക്രമണമുണ്ടായത്. ഇരുവരുടെയും ചിത്രങ്ങള്‍ സംഘം പ്രചരിപ്പിച്ചിരുന്നു.

