ആഴാവിൽ ക്ഷേത്രത്തിന് സമീപത്തെ കനാൽ വൃത്തിയാക്കി കുടുംബശ്രീ പ്രവർത്തകർ
കൊയിലാണ്ടി : പൊന്തക്കാട് നിറഞ്ഞുകിടക്കുന്ന ആഴാവിൽ ക്ഷേത്രത്തിന് സമീപത്തെ കനാൽ വൃത്തിയാക്കാൻ കുടുംബശ്രീ പ്രവർത്തകർ മുന്നിട്ടിറങ്ങി. വ്യാഴാഴ്ച രാവിലെ കൊയിലാണ്ടി നഗരസഭ വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ കെ.എ.ഇന്ദിരയുടെ നേതൃത്വത്തിൽ മുപ്പതോളം കുടുബശ്രീ പ്രവർത്തകരാണ് കനാലിലെ കാടും വള്ളിപടർപ്പുകളും വെട്ടി മാറ്റി ശുചീകരിച്ചത്.

കഴിഞ്ഞ മഴക്കാലത്ത് കനാലിലേക്ക് തൊട്ടടുത്തുള്ള മലയിൽ നിന്ന് വലിയ പാറയും മണ്ണും മരങ്ങളും ഇടിഞ്ഞുവീണു കിടക്കുന്നുണ്ട്. ഇത് മാറ്റാൻ നാലരലക്ഷം രൂപയുടെ പ്രവൃത്തി ടെൻഡർ ചെയ്തു കരാർ ഉറപ്പിച്ചിട്ടുണ്ട്. കല്ലും മണ്ണും വീണുകിടക്കുന്ന സ്ഥലം വരെയുള്ളയിടമാണ് കുടുംബശ്രീ പ്രവർത്തകർ വൃത്തിയാക്കിയത്. കനാലിൽ കാട് വളർന്നതോടെ ജല വിതരണംപോലും ഇവിടെ പ്രയാസമായിരുന്നു.


പൊന്തക്കാടും ഇഴജന്തുക്കളും കൂടിയതോടെ ആൾപെരുമാറ്റം ഇല്ലാതായ ഭാഗത്താണ് ശുചീകരണം നടത്തിയത്. അടുത്ത മാസത്തോടെ പെരുവണ്ണാമൂഴി ഡാമിൽനിന്ന് ജലവിതരണം ആരംഭിക്കും. അതിന് മുമ്പെ കനാലിൽ വീണു കിടക്കുന്ന കല്ലും മണ്ണും മരങ്ങളും നീക്കം ചെയ്യണം.




