സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ സംഘപരിവാര്‍ ആക്രമണം

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍ കടവിലെ ആശ്രമം സംഘപരിവാര്‍ ആക്രമിച്ചു. ഇന്ന് പുലര്‍ച്ചെ എത്തിയ ആര്‍എസ്എസ് അക്രമി സംഘം രണ്ട് കാറുകളും ഒരു ബൈക്കും തീയിട്ടു നശിപ്പിച്ചു. തീ പടര്‍ന്ന് ആശ്രമത്തിലെ കോണ്‍ക്രീറ്റും ഇളകി. ആശ്രമത്തിന് മുന്നില്‍ റീത്ത് വച്ചാണ് അക്രമികള്‍ മടങ്ങിയത്.
അഗ്പിശമന സേന സ്ഥലത്തെത്തിയാണ് തീ അണച്ചത്. നേരത്തെ ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ചതിന് സന്ദീപാനന്ദഗിരിക്ക് സംഘപരിവാര്‍ ഭീഷണിയുണ്ടായിരുന്നു. ആക്രമണത്തിന് പിന്നില്‍ സംഘപരിവാറും രാഹുല്‍ ഈശ്വറുമാണെന്നും ഇതിന് മറുപടി പറയിപ്പിക്കുമെന്നും സന്ദീപാനന്ദഗിരി പ്രതികരിച്ചു. പന്തളം രാജകുടുംബത്തിനും ബിജെപിക്കും രാഹുല്‍ ഈശ്വറിനും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മറാനാകില്ല. താഴമണ്‍ തന്ത്രികുടുംബത്തിനും ഗൂഢാലോചനയില്‍ പങ്കുണ്ട്. നാളെ എന്നെയും ഇതുപോലെ കത്തിച്ചേക്കാം. എങ്കിലും ഭയപ്പെടാതെ തന്റെ നിലപാടുമായി മുന്നോട്ടു പോകുമെന്നും സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു.

ശബരിമലയില്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ച സന്ദീപാനന്ദഗിരി ഈ വിഷയത്തിലെ ചാനല്‍ ചര്‍ച്ചകളിലും സംവാദങ്ങളിലും സംഘപരിവാര്‍ വാദങ്ങളിലെ പൊള്ളത്തരം ഹിന്ദുധര്‍മ്മ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ തുറന്നുകാട്ടിയിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന് മുന്‍പും ആക്രമണ ശ്രമമുണ്ടായിരുന്നു.
പൊലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിക്കുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് അന്വേഷണ ചുമതല നല്‍കിയതായി ഡിജിപി അറിയിച്ചു.

