വൈക്കം മുഹമ്മദ് ബഷീറിൻ്റെ സ്മരണയ്ക്കായി ദയാപുരത്ത് മ്യൂസിയം ഒരുങ്ങുന്നു
ദയാപുരം: ദയാപുരം വിദ്യാഭ്യാസ-സാംസ്കാരിക കേന്ദ്രത്തിൻ്റെ സ്ഥാപക മാര്‍ഗ ദര്‍ശികളിലൊരാളായ വൈക്കം മുഹമ്മദ് ബഷീറിൻ്റെ സ്മരണയ്ക്കായി ദയാപുരത്ത് മ്യൂസിയം ഒരുങ്ങുന്നു. ആദ്യഘട്ടമായി ബഷീര്‍ പുസ്തകങ്ങളുടെ കൈയെഴുത്ത് പ്രതികളും വിവിധ പതിപ്പുകളും ഫോട്ടോകളും അടങ്ങിയ പ്രദര്‍ശനം നടക്കും.
സ്വജീവിതത്താല്‍ മൂല്യങ്ങള്‍ ഉദാഹരിച്ചയാളെന്ന നിലയ്ക്ക് ദയാപുരത്തിനു മാര്‍ഗദര്‍ശകമായി നിലകൊണ്ട ബഷീറിനോടുള്ള സ്നേഹാദരവാണ് മ്യൂസിയമെന്ന് ദയാപുരം സാംസ്കാരികകേന്ദ്രം ചെയര്‍മാനും എഴുത്തുകാരനുമായ ഡോ. എം.എം ബഷീര്‍ പറഞ്ഞു.


ദയാപുരം ഗീതം എഴുതിയ ഒ.എന്‍.വി.കുറുപ്പിൻ്റെ ഓര്‍മ്മയ്ക്കായി സ്ഥാപിച്ച ഒ.എന്‍.വി പാര്‍ക്കിനുശേഷം കാംപസിലുണ്ടാവുന്ന രണ്ടാമത്തെ സ്മാരകമാണ് ബഷീര്‍ മ്യൂസിയം. ബഷീറിയന്‍ ജീവിതത്തിൻ്റെയും സാഹിത്യത്തിൻ്റെയും രേഖകള്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം ഇന്ത്യന്‍ സ്വാതന്ത്ര്യസമരം. കേരളീയ നവോത്ഥാനം, മലയാള സാഹിത്യത്തിലെ കൂട്ടായ്മകള്‍, വിവിധ സമുദായങ്ങളിലെ പരിഷ്കരണവാദം, ആത്മീയ സമന്വയത്തിന്റെ ഇന്ത്യന്‍ പാരമ്ബര്യങ്ങള്‍ എന്നിവയുടെ ചരിത്രപരമായ സന്ദര്‍ഭം അവതരിപ്പിക്കുന്നതിനും മ്യൂസിയം ശ്രമിക്കും. കലാകാരന്മാര്, എഴുത്തുകാര്‍, ഗവേഷകര്‍, വിദ്യാഭ്യാസപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന സംഘം മ്യൂസിയത്തിന്റെ സന്നദ്ധപ്രവര്‍ത്തകരായി പ്രവര്‍ത്തിക്കും. ഡോ. എം.എം. ബഷീര്‍, സി.ടി അബ്ദുറഹിം, ഡോ. എന്‍.പി ആഷ്ലി തുടങ്ങിയവര്‍ നേതൃത്വം വഹിക്കും.

