പൂന്തുറ ഉൾപ്പെടെയുളള പ്രദേശങ്ങൾ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കർശന നടപടികൾ സ്വീകരിക്കും: മന്ത്രി കെ. കെ. ശൈലജ

തിരുവനന്തപുരം: പൂന്തുറയിൽ കോവിഡ്-19 സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ സൂപ്പര്‍ സ്‌പ്രെഡ് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറിൻ്റെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയത്. സൂപ്പര്‍ സ്‌പ്രെഡ് സ്ഥിരീകരിച്ച പൂന്തുറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. രോഗ വ്യാപനം കൂടിയ പ്രദേശങ്ങളില്‍ പരിശോധനകള്‍ വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 600 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 119 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പൂന്തുറയില്‍ നിയന്ത്രണണങ്ങള്‍ ശക്തമാക്കുന്നത്.
എത്രയും പെട്ടെന്ന് രോഗബാധിതരെ കണ്ടെത്തുകയും അവരുമായി സമ്പര്‍ക്കത്തിലുള്ളവരെ ക്വാറൻ്റൈനിലാക്കുന്നതിനുമാണ് മുന്‍ഗണന. ഇതുസംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങളും ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. എല്ലാവരും ക്വാറൻ്റൈന്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ദിവസവും യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നടപടികള്‍ സ്വീകരിക്കുന്നുള്ള നടപടികളും ഇതിനകം ആരംഭിച്ചിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളില്‍ വിവിധ മാര്‍ഗങ്ങളിലൂടെ ബോധവത്ക്കരണം ശക്തിപ്പെടുത്തുമെന്നും മന്ത്രി ഇതോടൊപ്പം വ്യക്തമാക്കിയിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ രോഗ വ്യാപനം കൂടുതലാണെന്നും കന്യാകുമാരി ജില്ലയില്‍ നിന്നുള്‍പ്പെടെ നിരവധിപേര്‍ പല ആവശ്യങ്ങള്‍ക്കും ചികിത്സയ്ക്കുമായി കേരളത്തില്‍ പതിവായെത്താറുണ്ട് എന്നതുകൊണ്ട് നിരീക്ഷണം ശക്തമാക്കാനും നിര്‍ദേശമുണ്ട്. രോഗവ്യാപനമുള്ള ഇടങ്ങളില്‍ നിന്ന് നിന്നും ആള്‍ക്കാര്‍ എത്തുന്നത് രോഗ വ്യാപനത്തിന് കാരണമാകുന്നതിനാല്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തിക്കപ്പുറത്ത് നിന്നും വരുന്നവര്‍ക്കായി ആശുപത്രികളില്‍ പ്രത്യേകം ഒപി തുടങ്ങുന്നതിനൊപ്പം കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രോഗം വന്നാല്‍ പെട്ടെന്ന് ഗുരുതരമാകുമെന്നതിനാല്‍ വയോജനങ്ങള്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവരുടെ സംരക്ഷണം ഉറപ്പ് വരുത്താന്‍ ഓരോ കുടുംബവും ശ്രദ്ധ പുലര്‍ത്താനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവരെല്ലാവരും റിവേഴ്‌സ് ക്വാറൻ്റൈന്‍ സ്വീകരിക്കേണ്ടതാണ്. ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ ഒരു കാരണവശാലും ഇവര്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങരുത്. ലോക് ഡൗണ്‍ മാറിയതോടെയാണ് സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയത്. എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യണം. വിട്ടുവീഴ്ചയുണ്ടാകുന്ന സാഹചര്യത്തില്‍ അതിഗുരുതരമായ അവസ്ഥയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കുന്നു. ഇനിയും കൈവിട്ട് പോകാതിരിക്കാന്‍ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍എച്ച്‌എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാബീവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രീത, എന്‍എച്ച്‌എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി വി അരുണ്‍ എന്നിവര്‍ പങ്കെടുത്തു.
പൂന്തുറയില്‍ സമ്ബര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയുടെ തീരമേഖലയില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യ ബന്ധന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിട്ടുള്ളത്. ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി ക്രമങ്ങള്‍. പൂന്തുറ മേഖലയില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയതിന് പിന്നാലെയാണ് മത്സ്യബന്ധന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുന്നത്.
ഈ മേഖലയില്‍ നിന്നു തമിഴ്‌നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കര്‍ശന രീതിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കാനും നിര്‍ദ്ദേശം നല്‍കി. ഇവിടെ സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായി എസ്‌എപി കമാണ്ടന്‍റ് ഇന്‍ ചാര്‍ജ്ജ് എല്‍ സോളമന്റെ നേതൃത്വത്തില്‍ 25 കമാന്റോകളെയും നിയോഗിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കമ്മീഷണര്‍ ദിവ്യ.വി ഗോപിനാഥ്, അസിസ്റ്റന്‍റ് കമ്മീഷണര്‍ ഐശ്വര്യ ദോംഗ്രേ എന്നിവരാണ് പൂന്തുറയിലെ പോലീസ് നടപടികള്‍ക്ക് നേതൃത്വം നല്‍കുക. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി ഡോ.ഷെയ്ക്ക് ദെര്‍വേഷ് സാഹിബിനാണ് മേല്‍നോട്ട ചുമതല. തിരുവനന്തപുരം ഭാഗത്തുനിന്ന് കന്യാകുമാരിയിലേയ്ക്കും തിരിച്ചും അതിര്‍ത്തി കടന്ന് ആരും പോകുന്നില്ലെന്ന് ഇരുസംസ്ഥാനങ്ങളിലേയും പോലീസ് ഉറപ്പാക്കും. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇക്കാര്യം തമിഴ്‌നാട് ഡിജിപി ജെകെ ത്രിപാഠിയുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
