പെരുനാട് ളാഹയില്‍ കുടിവെള്ള പ്രശ്‌നം രൂക്ഷം

പത്തനംതിട്ട: കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന്, പത്തനംതിട്ട പെരുനാട് ളാഹയില്‍ വീട്ടമ്മമാര്‍ പഞ്ചായത്തിന്റെ കുടിവെള്ള വിതരണ ടാങ്കര്‍ ലോറികള്‍ തടഞ്ഞു.ശബരിമല വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ളാഹയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് വീട്ടമ്മമാര്‍ പ്രതിഷേധവുമായി എത്തിയത്.അട്ടത്തോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വെള്ളം കൊണ്ട് പോവുകയായിരുന്ന ടാങ്കറുകളെയാണ് തടഞ്ഞത്.
പെരുനാട് പഞ്ചായത്ത് ഇവിടെ വെള്ളം വിതരണം ചെയ്യാതെ അട്ടതോട്, നാറാണംതോട് മേഖലയില്‍ മാത്രം വെള്ളം വിതരണം ചെയ്യുന്നതിനെതിരെയാണ് ടാങ്കര്‍ ലോറികള്‍ തടഞ്ഞത്. പല തവണ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടും വെള്ളം എത്തിക്കാന്‍ നടപടി ഉണ്ടായില്ലെന്ന് വീട്ടമ്മമാര്‍ പറയുന്നു. പൊലീസ് എത്തി ഒരു ടാങ്കര്‍ ലോറിയിലെ വെള്ളം വിതരണം ചെയ്യാമെന്ന് അറിയിച്ചെങ്കിലും പഞ്ചായത്തിന്റെ ഉറപ്പ് ലഭിച്ചാല്‍ മാത്രമേ പിന്മാറു എന്ന നിലപാടിലായിരുന്നു സമരക്കാര്‍. ഒടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥലത്തെത്തി ടാങ്കറിലെ വെള്ളം പ്രദേശവാസികള്‍ക്ക് വിട്ടുകൊടുത്തു.

ആഴ്ചയില്‍ ഒരിക്കല്‍ ടാങ്കറില്‍ വെള്ളം എത്തിക്കാമെന്ന ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വൈകിട്ടോടെ സമരക്കാര്‍ പിരിഞ്ഞു പോയി. വേനല്‍ മഴ ലഭിച്ചിട്ടും ശബരfമല വന മേഖലയോട് ചേര്‍ന്ന് കിടക്കുന്ന മേഖലകളിലെല്ലാം കുടിവെള്ള പ്രശ്‌നം രൂക്ഷമാണ്. പ്രശ്‌ന പരിഹാരത്തിന് കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

